ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിൽ ഗുരുതര പിഴവ്; സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ബോഗികളുടെ ഷണ്ടിങ്ങിൽ ഗുരുതര പിഴവ്. റെയിൽവേ ഗേറ്റ് അടക്കുന്നതിലും വീഴ്ച പറ്റി. ഇതേതുടർന്ന് സ്റ്റേഷൻ മാസ്റ്റർ കെ.എസ്. വിനോദിനെ സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ഇവിടെ നിന്ന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗികൾ സ്റ്റേഷനിലെ മൂന്ന് ട്രാക്കുകളിലായി കിടന്നതാണ് പ്രശ്നമായത്.
ഇവ ഒരേ ട്രാക്കിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്നതിൽ കാലതാമസമുണ്ടായി. ഇതോടെ ഇതുവഴി മറ്റ് ട്രെയിനുകൾക്കൊന്നും കടന്നുവരാൻ കഴിഞ്ഞില്ല. സ്റ്റേഷനിൽ ആകെ മൂന്ന് ട്രാക്ക് മാത്രമാണുള്ളത്. അവ മൂന്നിലും ബോഗികൾ കിടക്കുകയായിരുന്നു. ഇതോടെ ഇതുവഴി പോകേണ്ട ട്രെയിനുകൾ സിഗ്നൽ ലഭിക്കാനായി മണിക്കൂറിലേറെ കാത്തുകിടന്നു. ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
കൊല്ലം ആലപ്പുഴ മെമു, ഏറനാട് എക്സ്പ്രസ്, കേരള സമ്പർക്ക് ക്രാന്തി, അന്ത്യോദയ എക്സ്പ്രസ് എന്നിവയെല്ലാം മണിക്കൂറിലേറെ വൈകി. ഷണ്ടിങ്ങിന്‍റെ സമയത്ത് സ്റ്റേഷന്റെ തെക്കുഭാഗത്തെ റെയിൽവേ ഗേറ്റ് അടക്കാനും കഴിഞ്ഞില്ല. ഫോൺ തകരാറിലായതിനാൽ നിർദേശം നൽകാൻ കഴിയാതിരുന്നതിനാലാണ് ഗേറ്റ് അടക്കാതിരുന്നതെന്ന് പറയപ്പെടുന്നു. സംഭവമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥർ ആലപ്പുഴയിലെത്തി അന്വേഷണം നടത്തി. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെയാണ് സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.