പി.വി. അൻവറിനെതിരെ ഗുരുതര കണ്ടെത്തലുകൾ; 15 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്ന് ലാന്‍റ് ബോർഡ് റിപ്പോർട്ട്
text_fieldsകോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ കക്കാംടംപൊയിലിലെ ഭൂമി കണ്ടുകെട്ടാമെന്നാണ് താമരശേരി താലൂക്ക് ലാന്‍റ് ബോർഡ് റിപ്പോർട്ട്. പി.വി അൻവർ പല സമയത്തായി വാങ്ങിയ ഭൂമി കൈവശംവെക്കാനുള്ള ഭൂപരിധിക്ക് പുറത്താണെന്നും അതിനാൽ 15 ഏക്കറിന് മുകളിലുള്ള ഭൂമി ഏറ്റെടുക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്.
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈകോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. എം.എൽ.എക്കെതിരായ മിച്ചഭൂമി കേസിൽ താമരശേരി ലാൻഡ് ബോർഡിന്‍റെ സിറ്റിങ് വ്യാഴാഴ്ച യായിരുന്നു. കക്കാംടംപൊയിലിലെ ഭൂമി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖ സമർപ്പിച്ചെന്നും പി.വി.ആര്‍ എന്റര്‍ടെയിന്‍മെന്‍റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴു ദിവസം സമയവും അനുവദിച്ചിട്ടുണ്ട്.
അൻവറിന്റെയും കുടുംബത്തെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ. എന്നാൽ, ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ ഏഴ് വരെ സമയം നൽകിയത്. കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിനു മുമ്പിൽ വിശദമായ രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല.
അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം െവയ്ക്കുന്നതായി പരാതിക്കാരനായ ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്. പി.വി. അൻവർ, ഒന്നാം ഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്.
ഏറെ നാളുകളായി താലൂക്ക് ലാൻഡ് ബോർഡിന് കീഴിൽ പി.വി അൻവറിന്റെ കൈവശമുള്ള ഭൂമി മിച്ച ഭൂമിയാണെന്ന് കാട്ടിയുള്ള കേസുകൾ നടന്നു വരുകയായിരുന്നു. തൃക്കലങ്ങോട് വില്ലേജിലെ ഭൂമി വാങ്ങിയപ്പോൾ തന്നെ പി.വി അൻവറിന്റെയും കുടുംബത്തിന്റെയും ഭൂപരിധി കഴിഞ്ഞിരിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ തന്നെ കുന്നമംഗലത്തും കക്കാടൻപൊഴിലിലും ഭൂമി വാങ്ങിയത് എല്ലാം ഭൂപരിധി ചട്ടങ്ങൾക്ക് പുറത്താണെന്നാണ് താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.