സർക്കാർ ഭൂമി പതിച്ചുനൽകുന്നതിൽ ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഭൂമി പതിച്ചുനൽകുന്നതിൽ ഗുരുതര വീഴ്ചയും ചട്ടലംഘനവും നടന്നതായി സി.എ.ജി റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തെ പരിശോധനയിലാണ് വീഴ്ചയും ക്രമക്കേടും കണ്ടെത്തിയത്. പതിച്ചു നൽകരുതാത്ത ഭൂമി ക്രമരഹിതമായി നൽകിയ സംഭവങ്ങളുമുണ്ട്.
പരിശോധന നടന്ന ജില്ലകളിലൊന്നും സർക്കാർ ഭൂമിയുടെയും, പതിച്ചു നൽകാവുന്ന ഭൂമിയുടെയും അംഗീകരിച്ച പട്ടിക തയാറാക്കിയിട്ടില്ല. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ, താമസ സ്ഥലങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്ക് പതിച്ചു നൽകാവുന്ന ഭൂമിയുടെ പരിധി പരാമർശിച്ചിട്ടില്ലാത്തതിനാൽ, പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചു നൽകി. അർഹതയില്ലാത്തവർക്കുപോലും ഭൂമി കിട്ടി. വിപണിവില ഈടാക്കാതെ വിവിധ ഏജൻസികൾക്ക് ഭൂമിപതിച്ച് നൽകുകയും ഇത്തരം ഭൂമി വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു.
1977ലെ കണ്ണൻ ദേവൻ ഹിൽസ് (കെ.ഡി.എച്ച്) ചട്ടങ്ങൾ പ്രകാരം, 10 സെന്റിൽ കൂടുതൽ ഭൂമി ഉടമസ്ഥാവകാശത്തിലോ കൈവശാവകാശത്തിലോ ഉണ്ടാവുകയും, വാർഷിക കുടുംബ വരുമാനം 3,000ത്തിൽ കൂടുതലുള്ള ആൾക്ക് ഭൂമി പതിച്ചു കിട്ടാൻ അർഹതയില്ലാത്തതാണ്. വ്യവസ്ഥകൾ ലംഘിച്ചാൽ പതിച്ചു നൽകൽ റദ്ദാക്കാം. എന്നാൽ, ഓഡിറ്റ് പരിശോധന നടത്തിയ 26 കേസുകളിലും 3,000ത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. ഒരേ വില്ലേജിൽ 10 സെന്റിൽ കൂടുതൽ ഭൂമി കൈവശമുള്ള ആളുമുണ്ട്. കെ.ഡി.എച്ച് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമി 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല. ഓഡിറ്റ് പരിശോധന നടത്തിയ 26 കേസിൽ, നാലെണ്ണത്തിൽ ഭൂമി ഭാഗികമായോ പൂർണമായോ അന്യാധീനപ്പെടുത്തിയത് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.