നിയമം ‘തെളിയാത്ത’ സ്കാനിങ്
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടിയെടുത്തെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും സ്കാനിങ് സെന്ററുകളുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച. നിയമം നിഷ്കർഷിക്കുന്ന പല വ്യവസ്ഥകളും നടപ്പായിട്ടില്ലെന്ന് മാത്രമല്ല, പരിശോധനകളും നടക്കുന്നില്ല.
നിയമം കർശനം, പക്ഷെ
1994ലെ ലിംഗ നിർണയ നിരോധന നിയമപ്രകാരമാണ് (ദി പ്രീ കൺസപ്ഷൻ ആൻഡ് പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് -1994) സംസ്ഥാനത്ത് സ്കാനിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കർശന വ്യവസ്ഥകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെങ്കിലും ഇതേ ഗൗരവത്തിൽ നടപ്പാക്കാൻ ആരോഗ്യവകുപ്പിനും താൽപര്യമില്ലെന്നത് ആവർത്തിക്കുന്ന പിഴവുകൾ അടിവരയിടുന്നത്.
മേൽത്തട്ടിൽ പരാതി നൽകാൻ വഴിയല്ല
നിയമപ്രകാരം ജില്ലയിലെ അതോറിറ്റി ഡി.എം.ഒയാണ്. ഇതിനു കീഴിൽ ജില്ല ഉപദേശക സമിതികളുണ്ട്. 14 ജില്ലകളിലും ഇത്തരം കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിട്ടില്ല. ജില്ല അതോറിറ്റിയുടെ തീരുമാനത്തിനെതിരെ വ്യക്തിക്ക് സംസ്ഥാനതല അതോറിറ്റിക്ക് പരാതി കൊടുക്കാമെങ്കിലും സംസ്ഥാനതല അതോറിറ്റിയും പ്രവർത്തിക്കുന്നില്ല. അതുകൊണ്ട്, ഡി.എം.ഒ കൈക്കൊണ്ട തീരുമാനത്തിനെതിരെ ഒരാൾ പരാതി സമർപ്പിച്ചാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല. മൂന്ന് പേരടങ്ങുന്ന സംസ്ഥാനതല അതോറിറ്റിയെയും നിയമിക്കേണ്ടത് സർക്കാറാണ്. ആരോഗ്യവകുപ്പിലെ ജോയിൻ ഡയറക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ, നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ, വനിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ എന്നിവരടങ്ങുന്നതാകണം സമിതിയെന്നതാണ് വ്യവസ്ഥ.
ഡോക്ടർക്ക് മാത്രമല്ല, മെഷീനും വേണം രജിസ്ട്രേഷൻ
സ്ഥാപനം ആരംഭിക്കുന്നതിന് മറ്റ് മാനദണ്ഡങ്ങൾക്കൊപ്പം നിയമപ്രകാരം മൂന്ന് രജിസ്ട്രേഷനുകൾ ആവശ്യമാണ്. സ്ഥാപനത്തിനും ഡോക്ടർക്കുമൊപ്പം സ്കാനിങ്ങിന് ഉപയോഗിക്കുന്ന മെഷീനുകൾക്കുമാണിവ. ജില്ല അപ്രോപ്രിയേറ്റ് അതോറിറ്റിയെന്ന നിലയിൽ ഡി.എം.ഒ ആണ് ഈ രജിസ്ട്രേഷൻ നൽകേണ്ടത്.
കൃത്യമായ പരിശോധനകൾ നടക്കണമെന്നും നിയമപ്രകാരം കേസെടുത്താൽ ഫാസ്റ്റ് ട്രാക്കിൽ കൈകാര്യം ചെയ്യണമെന്നുമടക്കം നിരവധി നിർദേശങ്ങൾ ഇതുസംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. ഈ പരിശോധനകളൊന്നും സംസ്ഥാനത്ത് നടക്കുന്നില്ല.
സ്കാനിങ് സമയത്ത് ഡോക്ടര് തിരിച്ചറിയൽ കാർഡ് ധരിച്ചിട്ടില്ലെങ്കിലോ സെൻററിൽ ഡോക്ടറുടെ പേര് വെച്ചില്ലെങ്കിലോ കേസെടുക്കാം. ഈ നിയമപ്രകാരം പിഴവിന് കേസെടുത്ത് കുറ്റം തെളിഞ്ഞാൽ പിഴ അടക്കാനുള്ള വകുപ്പില്ല. ഒന്നുകിൽ ജയിലിൽ കിടക്കണം, അല്ലെങ്കിൽ കോടതി വെറുതെവിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.