ഇ-വേ ബിൽ: സെർവർ തകരാറിൽ കുരുങ്ങി ആദ്യദിനം
text_fieldsകൊച്ചി: അന്തർ സംസ്ഥാന ചരക്കുനീക്കത്തിന് ബുധനാഴ്ച നിലവിൽ വന്ന ഇ-വേ ബിൽ സംവിധാനം ആദ്യദിനം സർവർ തകരാറിൽ കുരുങ്ങി. ചരക്കിെൻറ വിവരങ്ങൾ ഒരുമിച്ച് ചരക്കുസേവന നികുതി ശൃംഖലയിലേക്ക് (ജി.എസ്.ടി.എൻ) നൽകാനുള്ള ശ്രമമാണ് സെർവർ തകരാറിന് വഴിവെച്ചത്. വിവരങ്ങൾ നൽകാൻ കഴിയാതെ നിരവധി വ്യാപാരികൾ ശ്രമം ഉപേക്ഷിച്ചതിനാൽ വൈകീേട്ടാടെ പ്രശ്നം പരിഹരിച്ചു. എന്നാൽ, വരും ദിവസങ്ങളിലും പ്രശ്നം ആവർത്തിക്കാനാണ് സാധ്യത.
അരലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള അന്തർസംസ്ഥാന ചരക്കുനീക്കത്തിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയത്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിന് സംവിധാനം ബാധകമാണെങ്കിലും തൽക്കാലം നിർബന്ധമാക്കിയിട്ടില്ല. ചരക്ക് കയറ്റിയയക്കുന്ന വ്യാപാരിയോ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇ-വേ ബിൽ തയാറാക്കേണ്ടത്. കൊണ്ടുപോകുന്ന ചരക്കിെൻറ വിവരങ്ങൾ മുൻകൂട്ടി ജി.എസ്.ടിഎന്നിലേക്ക് നൽകിയശേഷം ബില്ലിെൻറ പകർപ്പെടുത്ത് ചരക്ക് കടത്തുന്ന വാഹനത്തിൽ സൂക്ഷിക്കണം.
ജി.എസ്.ടി സ്ക്വാഡ് ബില്ലിലെ വിവരങ്ങൾ ഒാൺലൈനിലെ വിവരങ്ങളുമായി ഒത്തുനോക്കി ആധികാരികമാണെന്ന് ഉറപ്പാക്കും. ചരക്ക് കടത്തുന്ന എല്ലാ വ്യാപാരികളും ബുധനാഴ്ച കൂട്ടത്തോടെ ശൃംഖലയിലേക്ക് വിവരങ്ങൾ നൽകാൻ ശ്രമിച്ചതോടെ സെർവർ തകരാറിലാകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ വ്യാപാരികൾ പിൻമാറിയതാണ് തകരാർ താനേ പരിഹരിക്കപ്പെടാൻ കാരണം.
സെർവർ തകരാർ അടക്കം പ്രശ്നങ്ങൾക്കുള്ള സാധ്യത നേരത്തെതന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുന്നൊരുക്കമില്ലാതെ സംവിധാനം നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് വ്യാപാരികളും ജി.എസ്.ടി വകുപ്പ് ജീവനക്കാരും പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ കുറച്ചു വ്യാപാരികൾ മാത്രമാണ് വിവരങ്ങൾ അപ്ലോഡ് ചെയ്തത് എന്നതിനാലാണ് സർവർ തകരാർ ഉണ്ടാകാതിരുന്നത്.
ഇ-വേ ബിൽ നടപ്പായാലും ചരക്കിെൻറ അളവ് കുറച്ചും ഇനം മാറ്റിയും നടത്തുന്ന നികുതി വെട്ടിപ്പ് തടയണമെങ്കിൽ സ്ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടിവരും. ഇതിന് കൂടുതൽ ജീവനക്കാർ ആവശ്യമാണ്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിനും ഇ-വേ ബിൽ നിർബന്ധമാക്കുന്നതോടെ സെർവർ തകരാർ പോലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നീട്ടിവെക്കണമെന്ന് വ്യാപാരികൾ
കോഴിക്കോട്: ഇ-വേ ബിൽ സംബന്ധിച്ച ചട്ടങ്ങളിൽ അവ്യക്തത നീക്കാതെയും വ്യാപാരികൾക്കു വേണ്ട ബോധവത്കരണം നടത്താതെയും ധിറുതിപിടിച്ച് ബിൽ നടപ്പാക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇ-വേ ബില്ലിനെകുറിച്ച് ഓരോ ജില്ലയിലും ഇതിനായി രൂപവത്കരിച്ച ഹെൽപ് ഡെസ്കിൽ അന്വേഷിച്ചാൽ വ്യത്യസ്ത മറുപടികളാണ് ലഭിക്കുന്നത്. സമ്പ്രദായം നടപ്പാക്കുന്നതിനാവശ്യമായ ലാപ്ടോപ്, തടസ്സമില്ലാത്ത നെറ്റ്്വർക് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളൊന്നും മിക്ക വ്യാപാരികൾക്കും ലഭ്യമല്ല.
ആവശ്യമായ ഗൃഹപാഠം ചെയ്യാതെയും മുന്നൊരുക്കങ്ങൾ നടത്താതെയും ഏർപ്പെടുത്തിയ ജി.എസ്.ടി ജനങ്ങളെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിൽ നിന്നും പാഠമുൾക്കൊള്ളാൻ സംസ്ഥാന സർക്കാർ തയാറാവണം. പരീക്ഷണാടിസ്ഥാനത്തിൽ അന്തർസംസ്ഥാന ഇടപാടുകൾക്ക് മാത്രമായി ഇ-വേ ബിൽ സമ്പ്രദായം തുടങ്ങണമെന്നും സമിതി ജന.സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.