സർവിസ് ബുക്ക് ഒളിപ്പിച്ച കേസ്; വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സഹപ്രവർത്തകന്റെ സർവിസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവെച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമീഷൻ. കമീഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവിസ് ബുക്ക് കണ്ടെടുത്തിരുന്നു. സർവിസ് ബുക്ക് ഡി.എം.ഒ ഓഫിസിൽ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നൽകിയതിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥർ 25,000 രൂപ പിഴയൊടുക്കാൻ വിവരാവകാശ കമീഷണർ എ.എ. ഹക്കിം ഉത്തരവിട്ടു. ഇടുക്കി ഡി.എം.ഒ ഓഫിസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം. ശിവരാമൻ, എസ്. പ്രസാദ്, സൂപ്രണ്ട് എസ്.ജെ. കവിത, ക്ലർക്കുമാരായ കെ.ബി. ഗീതുമോൾ, ജെ. രേവതി എന്നിവരാണ് പിഴയൊടുക്കേണ്ടത്. സെപ്റ്റംബർ അഞ്ചിനകം പിഴ ഒടുക്കിയില്ലെങ്കിൽ റിക്കവറി നടത്താനും ഉത്തരവുണ്ട്. ഇടുക്കി ജില്ല മെഡിക്കൽ ഓഫിസിലാണ് സംഭവം.
ഇവിടത്തെ ഡെപ്യൂട്ടി ജില്ല ആരോഗ്യ വിദ്യാഭ്യാസ ഓഫിസറായിരുന്ന ടി.സി. ജയരാജിന്റെ സർവിസ് ബുക്ക് 2000ൽ ഏജീസ് ഓഫിസിലേക്ക് അയച്ചത് തിരിച്ചുകിട്ടിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക ഇൻക്രിമെൻറ് ഉൾപ്പെടെ ഒരു രേഖയും സർവിസ് ബുക്കിൽ വരുത്തിയില്ല. ആനുകൂല്യങ്ങൾ നൽകിയില്ല. അതിനിടെ അർബുദം ബാധിച്ച് ജയരാജ് മരിച്ചു. എന്നിട്ടും സർവിസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകൾ വരുത്തി ആനുകൂല്യങ്ങൾ നൽകിയില്ല. പെൻഷൻ പ്രഖ്യാപിച്ചില്ല.
ഇതുസംബന്ധിച്ച് അഭിഭാഷകൻ ജോർജ് തോമസ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീൽ നൽകിയപ്പോഴും സർവിസ് ബുക്ക് എ.ജിയിൽനിന്ന് തിരികെ കിട്ടിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കമീഷനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.