ലൈസൻസ് പുതുക്കലിൽ പോക്കറ്റടി
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ കാർഡിലേക്ക് മാറിയതിന് പിന്നാലെ സർവിസ് ചാർജിനത്തിൽ സർക്കാറിന്റെ പോക്കറ്റടി. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് 60 രൂപയായിരുന്നു സർവിസ് ചാർജ്. എന്നാൽ നവംബർ ഒന്ന് മുതൽ പ്രിൻറിങ് ചാർജും തപാൽ ചാർജും ഒഴിവാക്കിയെങ്കിലും സർവിസ് ചാർജ് ഒറ്റയടിക്ക് 60ൽനിന്ന് 200 രൂപയാക്കിയാണ് ഉയർത്തിയത്.
കാർഡിന്റെ പേരിൽ 200 രൂപയാണ് നേരത്തെ ഈടാക്കിയിരുന്നത്. ഇതിൽ 60 രൂപ അച്ചടിക്കുന്ന ഏജൻസിക്കും 140 രൂപ സർക്കാറിനുമായിരുന്നു.അച്ചടി നിർത്തിയെങ്കിലും സർക്കാറിന് ഈ വഴി ലഭിച്ചിരുന്ന 140 രൂപ സർവിസ് ചാർജിൽ ഉൾപ്പെടുത്തുകയായിരുന്നു.
പ്രിന്റിങ് ചാർജും തപാൽ ഫീസുമുണ്ടായിരുന്ന സമയത്ത് ലൈസൻസ് പുതുക്കാൻ 505 രൂപയായിരുന്നുവെങ്കിൽ ഇതെല്ലാം ഒഴിവാക്കിയിട്ടും ലൈസൻസുടമക്ക് ഈ ആശ്വാസമില്ല. കാർഡില്ലെങ്കിലും പുതുക്കിക്കിട്ടാൻ 400 രൂപ നൽകണം. സർവിസ് ചാർജ് കുത്തനെ ഉയർത്തിയില്ലായിരുന്നെങ്കിൽ 260 രൂപക്ക് സേവനം ലഭ്യമാക്കേണ്ട സ്ഥാനത്താണിത്.
ഡിജിറ്റൽ കാർഡിലേക്ക് മാറുമെങ്കിലും ആവശ്യമുള്ളവർക്ക് പണമടച്ചാൽ കാർഡ് അച്ചടിച്ച് നൽകുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ ആവശ്യമുള്ളവർക്കും കാർഡിന് അപേക്ഷിക്കാൻ നിലവിൽ പോർട്ടലിൽ സൗകര്യമില്ല. പുതുക്കൽ നടപടികൾ പൂർത്തിയായാൽ അപേക്ഷകന്റെ ഫോണിലേക്ക് ലിങ്ക് ലഭിക്കും. സാരഥി പോർട്ടലിൽനിന്ന് ഈ ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതി നൽകി ലൈസൻസ് ഡൗൺലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം. ഇത് ഇനി കാർഡ് രൂപത്തിലാക്കണമെങ്കിൽ പ്രിന്റിങ് ചാർജും ലാമിനേഷൻ ചാർജും അപേക്ഷകൻ വഹിക്കണം. ഫലത്തിൽ മോട്ടോർ വാഹനവകുപ്പിന് ഒരു രൂപയുടെ അധിക ചെലവ് പോലുമില്ലാത്ത നടപടിക്കാണ് ഒറ്റയടിക്ക് 160 രൂപ വർധിപ്പിച്ചത്. എന്ത് സർവിസിനാണ് ഇത്രയധികം ചാർജെന്നതിനും കൃത്യമായ വിശദീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.