കൊച്ചി വിമാനത്താവളത്തിൽനിന്ന് വിയറ്റ്നാമിലേക്ക് സർവിസ് തുടങ്ങി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് വിയറ്റ്ജെറ്റിന്റെ നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചു. കേരളത്തിൽനിന്ന് വിയറ്റ്നാമിലേക്കുള്ള ആദ്യ വിമാനസർവിസ് കൂടിയാണിത്. വിയറ്റ്ജെറ്റ് കമേഴ്‌സ്യൽ വിഭാഗം വൈസ് പ്രസിഡന്റ് ജയ് എൽ. ലിംഗേശ്വരയാണ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിയെ തെക്കുകിഴക്കേഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 45 വിമാന സർവിസുകളിലൊന്നായി വിയറ്റ്ജെറ്റിന്റെ പുതിയ സർവിസ് മാറും. തുടർന്നും കൂടുതൽ വിയറ്റ്നാം നഗരങ്ങളിലേക്ക് സർവിസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിയറ്റ്ജെറ്റ് കൊച്ചി-ഹോ ചി മിൻ സിറ്റി പുതിയ സർവിസിന്റെ ആദ്യ ബോർഡിങ് പാസ് സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു കൈമാറി. സിയാൽ കമേഴ്‌സ്യൽ വിഭാഗം ജനറൽ മാനേജർ ജോസഫ് പീറ്റർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് അസി. ജനറൽ മാനേജർ പി.എസ്. ജയൻ, എ.ഒ.സി.സി ചെയർമാൻ ഗിരീഷ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോൾ വിയറ്റ്ജെറ്റ് സർവിസുകൾ നടത്തുന്നത്. വി.ജെ 1811 വിമാനം ഹോ ചി മിൻ സിറ്റിയിൽനിന്ന് 19.20ന് പുറപ്പെട്ട് 22.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. വി.ജെ 1812 മടക്കവിമാനം 23.50ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 06.40ന് ഹോ ചി മിൻ സിറ്റിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.