സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി–കോണ്‍ഗ്രസ് മുന്നണി തോറ്റു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് ടെമ്പിള്‍ ക്രെഡിറ്റ് കോ-ഓപ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ബി. ജെ.പി-കോണ്‍ഗ്രസ് മുന്നണിക്ക് വൻതോൽവി. സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണസ മിതി സ്ഥാനാർഥികള്‍ വിജയിച്ചു. എട്ടുവർഷമായി സൊസൈറ്റി ഭരണസമിതിയംഗമായ ആന്തൂരിലെ കോൺഗ്രസ് നേതാവും ദലിത് കോൺഗ്രസ് ജില്ല ഭാരവാഹിയുമായ ടി. പത്മനാഭനെ ഇത്തവണ കോൺഗ്രസ് ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് പകരം സംവരണ സീറ്റിൽ ബി.ജെ.പി പ്രവർത്തകനാണ് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്ന പശ്ചാത്തലത്തിൽ ബി.ജെ.പിയുമായി ഒരുതരത്തിലും ഐക്യം പാടില്ലെന്ന നിലപാട് സ്വീകരിച്ച് പത്മനാഭൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ സി.പി.എം നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ സംരക്ഷണ സമിതി പാനലിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. സംരക്ഷണ സമിതി സ്ഥാനാർഥികളായ കെ.സി. മണികണ്ഠൻ നായർ, എം. ശ്രീദേവി, പി. കൃഷ്ണകുമാരി, പി.വി. ജാനകി, പി.വി. നാരായണ മാരാർ, ഇ.വി. ഉണ്ണികൃഷ്ണ മാരാർ എന്നിവരും വിജയിച്ചു. പി. മോഹനചന്ദ്രനെ പ്രസിഡൻറായും മണികണ്ഠൻ നായരെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു.
വിജയികൾക്ക് സി.പി.എം നൽകിയ സ്വീകരണത്തിൽ മറ്റുള്ളവരെ ചുവപ്പും വെളുപ്പം ഷാളുകൾ അണിയിച്ചപ്പോൾ പത്മനാഭനെ മൂവർണ ഖദർ ഷാൾ അണിയിച്ചായിരുന്നു ആഹ്ലാദ പ്രകടനം നടത്തിയത്. പ്രകടനത്തിൽ സി.പി.എം ഏരിയ സെകട്ടറി പി. മുകുന്ദൻ ഉൾപ്പെടെ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.