പാലക്കാട്ട് പി.കെ. ശശി പക്ഷത്തിന് തിരിച്ചടി
text_fieldsപാലക്കാട്: പി.കെ. ശശി പക്ഷവും മറുപക്ഷവും കൊമ്പുകോർത്ത സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിനൊടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ശശി പക്ഷം പൂർണമായും മുട്ടുമടക്കി. പാർട്ടിയിൽ തുരുത്തുകൾ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും അന്ത്യശാസനം ശശി പക്ഷത്തിനുള്ള ശക്തമായ താക്കീതായി.
വി.കെ. ചന്ദ്രനെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള പി.കെ. ശശിയുടെ നീക്കം മറുപക്ഷത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. പി.കെ. ശശിയെ ലക്ഷ്യമിട്ട് മറുവിഭാഗം ചർച്ചയുടെ തുടക്കംമുതൽ ഉടനീളം ആഞ്ഞടിച്ചതോടെ ശശിപക്ഷം പ്രതിരോധത്തിലായി. സി.കെ. രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഒദ്യോഗിക പക്ഷത്തിനെതിരെ ശശി വിഭാഗം ആരോപണങ്ങൾ തൊടുത്തുവിട്ടെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല. പ്രദേശിക വിഭാഗീയത സൃഷ്ടിക്കുന്ന ശശിയുടെ നീക്കങ്ങൾക്ക് പിന്തുണയില്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വത്തിന്റെ മറുപടിയിലുമുണ്ടായിരുന്നത്. ഇതും സമ്മേളനത്തിൽ പ്രതിഫലിച്ചു. ജില്ല കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഒഴിവാക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ടു.
ശനിയാഴ്ച രാത്രി പിണറായിയുടെ സാന്നിധ്യത്തിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. സി.കെ. രാജേന്ദ്രൻ, പി.കെ. ശശി, എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ വി.കെ. ചന്ദ്രന്റെ പേരാണ് പി.കെ. ശശി നിർദേശിച്ചത്. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഇ.എൻ. സുരേഷ് ബാബുവിന്റെ പേരും നിർദേശിച്ചു.
പ്രാദേശിക വിഭാഗീയതകൾ ഇല്ലാതാക്കി പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ പ്രാപ്തൻ ഇ.എൻ. സുരേഷ് ബാബുവായിരിക്കുമെന്ന സി.കെ. രാജേന്ദ്രന്റെ വാക്കുകളാണ് സംസ്ഥാന നേതാക്കൾ മുഖവിലയ്ക്കെടുത്തത്. അങ്ങനെ രൂപപ്പെട്ട സമവായത്തിലാണ് മത്സരം ഒഴിവാക്കിയുള്ള തീരുമാനമുണ്ടായത്. ഞായറാഴ്ച രാവിലെ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം 15 മിനിറ്റ് കൊണ്ട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. തുടർന്ന് ചേർന്ന ജില്ല കമ്മിറ്റിയും തീരുമാനം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.