നെല്ലിയാമ്പതിയിലെ ജനവാസ കേന്ദ്രങ്ങൾ കരുതൽ മേഖലയിൽ
text_fieldsനെല്ലിയാമ്പതി: ജനവാസ കേന്ദ്രങ്ങളടക്കം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കരുതൽ മേഖല പരിധിയിലുൾപ്പെട്ടതോടെ തോട്ടം മേഖലയിലും ആദിവാസി മേഖലയിലും അധിവസിക്കുന്ന ആയിരക്കണക്കിന് പേർ കുടിയൊഴിക്കൽ ഭീഷണിയുടെ നിഴലിൽ. നെല്ലിയാമ്പതിയിലെ ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന തോട്ടം തൊഴിലാളികൾ തങ്ങളുടെ തൊഴിൽ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ്. വിവിധ നാടുകളിൽ നിന്നെത്തി തോട്ടങ്ങളിൽ തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെ.
തോട്ടങ്ങളിലെ പാടികളിൽ കുടുംബവുമായി വർഷങ്ങളായി ജീവിച്ചു വരുന്ന തൊഴിലാളികളുടെ കാര്യം ഇതോടെ വെല്ലുവിളിയിലായി. ബഫർ സോൺ യാഥാർഥ്യമായാൽ നെല്ലിയാമ്പതിയിലെ മുഴുവൻ തോട്ടങ്ങളും ബഫർ സോണിലാവുമെന്നത് യാഥാർഥ്യമാണ്. 2009ൽ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം പ്രഖ്യാപിക്കപ്പെട്ടതോടെ ബഫർ സോണിലായ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും നിർമാണ പ്രവർത്തനങ്ങൾ വനം വകുപ്പ് നിരീക്ഷണത്തിലായത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നൂറടി, പുലയമ്പാറ, കൈകാട്ടി ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. രാഷ്ട്രീയനേതാക്കളും മറ്റും ഇടപെട്ടാണ് പിന്നീട് നാട്ടുകാരുടെ ആശങ്ക പരിഹരിച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൈകാട്ടിക്കടുത്തുള്ള പുല്ലുകാട് കോളനിയിലെ ആദിവാസികൾ ജീവിച്ചു വരുന്ന 200 ഏക്കർ ഭൂമി സർക്കാർ പട്ടയം ലഭിച്ചതാണ്. ഇവിടെ 68 കുടുംബങ്ങളിലായി 182 പേരാണ് കഴിഞ്ഞുവരുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട ഭൂപട പ്രകാരം ഈ പട്ടയ ഭൂമിയും ബഫർ സോണിലുൾപ്പെടുന്നു.
കുടിയേറി താമസിച്ച ശേഷം പതിറ്റാണ്ടുകളുടെ ശ്രമഫലമായാണ് ഇവിടെയുള്ള ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത്. എന്നാൽ, ആ പട്ടയഭൂമിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ. ആദിവാസി ഭൂമി സംരക്ഷിക്കാനായി പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കിയിരുന്നു.
പുല്ലുകാട്ടിലെ പട്ടയഭൂമി സംബന്ധിച്ച് വനം അധികൃതരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് പഞ്ചായത്തിലെ ജനപ്രതിനിധികൾ. നെല്ലിയാമ്പതിയിലെ പ്രധാന ജനവാസ കേന്ദ്രങ്ങളായ നൂറടി, കൈകാട്ടി ഭാഗങ്ങളെ കരുതൽ മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.