സി.പി.എമ്മുകാരെ ആക്രമിച്ച ഏഴ് ബി.ജെ.പിക്കാർക്ക് തടവും പിഴയും
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകരെ ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ ഏഴ് ബി.ജെ.പി പ്രവർത്തകർക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ടേമുക്കാൽ വർഷം, 15 ദിവസം വീതം തടവും 11,500 രൂപ വീതം പിഴയും.
ചാവശ്ശേരി സുജിത് നിവാസിൽ പി. സതീശൻ(48), ചാവശ്ശേരി വാഴയിൽ വീട്ടിൽ വാഴയിൽ സുധീഷ്(47), ചാവശ്ശേരി ഇന്ദകുന്നുമ്മൽ വീട്ടിൽ കെ. ബാബു(41), ചാവശ്ശേരി പുതിയ വീട്ടിൽ പി.വി. അഭിലാഷ്(36), ചാവശ്ശേരി പുത്തൻ വീട്ടിൽ പി.വി. സുധീഷ്(39), ചാവശ്ശേരി പുതിയ വീട്ടിൽ കെ. അജേഷ്(36), നടുവനാട് ഷൈനി നിവാസിൽ കെ. ബൈജു(39) എന്നിവരെയാണ് തലശ്ശേരി അഡീഷനൽ അസി.സെഷൻസ് കോടതി ജഡ്ജി സന്തോഷ് കെ. വേണു ശിക്ഷിച്ചത്.
2011 ജൂലൈ 28നാണ് കേസിനാസ്പദ സംഭവം. ചാവശ്ശേരി കൊട്ടുറുഞ്ഞാലിൽ രണ്ട് മോട്ടോർ ബൈക്കുകളിലായി യാത്ര ചെയ്യുകയായിരുന്ന സി.പി.എം പ്രവർത്തകരായ നടുവനാട് ഗംഗ നിവാസിൽ വി.കെ. ബാബു(40), നടുവനാട് കണ്ടിയിൽ വീട്ടിൽ വി.കെ. ജിജോ(32), നടുവനാട് പടിഞ്ഞാറെക്കര വളപ്പിൽ കെ. മനേഷ്(37) നടുവനാട് ബാബു നിവാസിൽ വി.കെ. വിനോദ്(38) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി രാഷ്ട്രീയ വിരോധത്താൽ പ്രതികൾ സംഘം ചേർന്ന് കമ്പി വടി കൊണ്ട് തലക്കും ദേഹത്തും ആക്രമിച്ചെന്നാണ് കേസ്.
ഐ.പി.സി 143, 147, 341, 324 വകുപ്പുകൾ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ വേറെയും അനുഭവിക്കണം.
രണ്ടാം പ്രതി സുധീഷിന് ഒരു വർഷം തടവും 3,000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവനുഭവിക്കണം. മട്ടന്നൂർ പൊലീസാണ് കേസ് ചാർജ് ചെയ്തത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.