സർക്കാറിന്റെ കാരുണ്യത്തിനായി യാചിച്ച് അട്ടപ്പാടിയിൽ കുടുംബത്തിലെ ഏഴ് കുട്ടികൾ
text_fieldsകോഴിക്കോട്: സർക്കാറിന്റെ കാരുണ്യത്തിനായി യാചിച്ച് പാലക്കാട് അട്ടപ്പാടിയിലെ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ. വടകോട്ടത്തറ ആദിവാസി ഊരിലെ 12 വയസിൽ താഴെയുള്ള കുട്ടികളാണ് നിസ്സഹായരായി സർക്കാരിന് മുന്നിൽ കൈനീട്ടി നിൽക്കുന്നത്. ഇവരിൽ എട്ടു വയസുള്ള അമൃത ലക്ഷ്മി, കൃഷ്ണവേണി (നാല്), മീനാക്ഷി (രണ്ട്) എന്നിങ്ങനെ മൂന്ന് പെൺകുട്ടികൾ സിക്കിൾ സെൽ അനീമിയയുടെ പിടിയിലാണ് (അരിവാൾ രോഗം). പ്രമോട്ടർ വഴി ഐ.ടി.ഡി.പി ഓഫിസിൽ അറിയിച്ചെങ്കിലും ഇതുവരെ പട്ടികവർഗ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുട്ടികളുടെ മാതാവ് 'മാധ്യമം ഓൺലൈനോ'ട് പഞ്ഞു.
കുടുംബത്തിന് വാസയോഗ്യമായൊരു വീടില്ല. ഏതാണ്ട് 200- 250 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പൊളിഞ്ഞുവീഴാറായ കതകില്ലാത്ത വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ലൈഫ് മിഷൻ വഴി വീടിന് അപേക്ഷ നൽകിയെങ്കിലും പട്ടികയിൽ ഉൾപ്പെട്ടില്ല. അരിവാൾ രോഗികൾക്ക് മാസം 1,000 രൂപയും മറ്റ് ആനുകൂല്യങ്ങളും പട്ടികവർഗ വകുപ്പ് നൽകുന്നുണ്ടെന്നാണ് പ്രഖ്യാപനം. ഈ കുടുംബത്തിന് അതും ലഭിച്ചിട്ടില്ല. അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകനായ എം. സുകുമാരൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പാണ് കുടുംബത്തിന്റെ ദയനീയ സ്ഥിതി പുറംലോകത്തെ അറിയിച്ചത്.
സ്വകാര്യ സ്കൂളിലെ അധ്യാപകൻ പറഞ്ഞത് പ്രകാരം അമൃതലക്ഷ്മി എന്ന കുട്ടി ഒന്നാം ക്ലാസിൽ ചേരാൻ വരികയും അവിടെ താമസിക്കുകയും ചെയ്തു. കുട്ടിയുടെ ആധാർ കാർഡ് കൃത്യസമയത്ത് ഹാജരാക്കാത്തതിനാൽ ഒന്നാം ക്ലാസിൽ ചേർക്കുവാൻ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് സിക്കിൽ സെൽ അനീമിയ രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ചികിത്സ തുടങ്ങുകയും ചെയ്തു. വിദഗ്ധ പരിശോധനക്ക് തൃശൂർ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് ഡോക്ടർ നിർദേശിച്ചു. ഈ വിവരം മാതാപിതാക്കളെയും കുട്ടിയെ സ്കൂളിൽ ചേർക്കുവാനായി വന്ന ആനന്ദിനെയും അറിയിച്ചു.
തുടർന്ന് ചികിത്സക്ക് ശേഷം കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനായി ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ കുട്ടിയെ സ്കൂളിൽ കൊണ്ടുവന്നില്ല. അതിനാൽ കുട്ടി ഈ സ്കൂളിലെ വിദ്യാർഥിനി അല്ല. കുട്ടി നിലവിൽ സ്കൂൾ രേഖകളിൽ ഇല്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. എല്ലാവരും കൈയൊഴിയുമ്പോൾ ദരിദ്രരായ മാതാപിതാക്കൾക്ക് ഈ കുട്ടികളുടെ കണ്ണീരൊപ്പാൻ കഴിയുന്നില്ല.
കോടിക്കണക്കിന് രൂപ അട്ടപ്പാടിയിൽ ആദിവാസികളുടെ വികസനത്തിനായി വിവിധ വകുപ്പുകൾ ചെലവഴിക്കുമ്പോഴും ഇവരുടെ ജീവിതദുരിതം ആരുടെയും കണ്ണിൽപെട്ടില്ല. ഈ കുട്ടികൾക്ക് പോഷകാഹാരം ലഭിച്ചില്ല. ഇവർക്ക് ആരോഗ്യ സംരക്ഷണം ആരും ഇതുവരെ നൽകിയില്ല. ശിശുക്ഷേമ പദ്ധതി, ഐ.ടി.ഡി.പി, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയ സർക്കാർ ഏജൻസികൾക്കൊന്നും ഇവരെ സംരക്ഷിക്കാൻ മാർഗമുണ്ടായില്ല.
അട്ടപ്പാടിയിൽ കോടികൾ ചെലവാക്കി ആദിവാസികളെ നന്നാക്കി ഉടലോടെ സ്വർഗത്തേക്ക് അയക്കുന്ന പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ആരോഗ്യമേഖലയിൽനിന്ന് റിട്ടയർ ചെയ്ത ടി.ആർ. ചന്ദ്രൻ പറയുന്നു. '2013 മുതൽ വികസനത്തിനായി ഫണ്ട് ഒഴുകി തുടങ്ങി. കുട്ടിക്കൾ മരിക്കാതെ ഇരിക്കാൻ വേണ്ടി എന്തെല്ലാം സംവിധാനം നടപ്പാക്കി. പദ്ധതികളിലൊക്കെ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുത്തു. അവരുടെ മക്കൾ നന്നായി. ആദിവാസി കുട്ടിക്കൾ മരിച്ചു കൊണ്ടേയിരിക്കുന്നു.'
സിക്കിൾ സെൽ രോഗം അട്ടപ്പാടിയിൽ 30 ശതമാനമുണ്ട്. അതിന്റെ സർവേ പോലും നടത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. 20 ശതമാനം കൂടുതൽ ശമ്പളം വാങ്ങുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് വീട്ടിൽ പോയി ഇരിക്കാനേ സമയമുള്ളൂ. സിക്കിൾ സെൽ രോഗത്തിനുള്ള മരുന്നുപോലും ആശുപത്രിയിൽ ഉണ്ടാവില്ല. ബ്ലോക്ക് പഞ്ചായത്ത് വർഷത്തിൽ ഒരു ഫണ്ട് കൊടുക്കും. കോർപറേറ്റ് കമ്പനിയുടെ മസാല പൊടികൾ വാങ്ങി കൊടുക്കും. അതോടെ പ്രവർത്തനം തീർന്നുവെന്ന സ്ഥിതിയാണുള്ളതെന്ന് ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
അട്ടപ്പാടി ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി. സുരേഷ് ഈ കുടുംബത്തെ സന്ദർശിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് രോഗത്തിന്‍റെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനാവില്ല. അതിനാൽ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.