തീർത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായെന്ന്
text_fieldsമലപ്പുറം: മലയാളി തീർത്ഥാടക സംഘത്തിലെ ഏഴ് പേരെ ഇസ്രായേലിൽ കാണാതായതായി യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തിൽപെട്ട രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. ഇവർ ബോധപൂർവം മുങ്ങിയതാണെന്നും കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് പരാതി.
മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്. ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവർ. നസീർ അബ്ദുൽ റബ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാകിസ്താൻമുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുൽ റബ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഇവർ അനധികൃതമായി കടന്നുകളഞ്ഞതാണെന്നാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചനയെന്ന് ട്രാവൽസ് അധികൃതർ പറയുന്നു. യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണം എന്ന നിബന്ധനയാണ് ടൂർ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് സംഘം ഇസ്രായേലിൽ നിന്ന് തിരിക്കേണ്ടത്. ഹോട്ടലിൽ നാളെ കൂടി താമസിക്കാനുള്ള അനുവാദമേയുള്ളൂ. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പൊലിസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സുലൈമാൻ എന്നയാളാണ് കാണാതായ ഏഴ് പേർക്കും വേണ്ടി ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്ന് ഓൺലൈനായി പണമടച്ചത്. സുലൈമാനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാവുന്നില്ലെന്ന് ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ജലീൽ മങ്കരത്തൊടി അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സമാനമായി സംഘടിപ്പിച്ച യാത്രയിൽ നാല് പേരെ ഇതുപോലെ കാണാതായിരുന്നു. അവരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാർത്ത സമ്മേളനത്തിൽ ട്രാവൽസ് സി.ഒ.ഒ ഇർഫാൻ നൗഫൽ, മാനേജർ മുസ മുരിങ്ങേതിൽ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.