തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏഴ് മാസം; ഡ്യൂട്ടി ചെയ്ത പൊലീസുകാർക്ക് അലവൻസ് നൽകിയില്ല
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴുമാസമായിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിച്ച പൊലീസുകാർക്ക് ഭക്ഷണത്തിന് ഉൾപ്പെടെയുള്ള അലവൻസ് അനുവദിച്ചില്ല.
ആയിരക്കണക്കിന് പൊലീസുകാർക്കാണ് തുക ലഭിക്കാനുള്ളത്. കോവിഡ് സാഹചര്യത്തിൽ അതി നിയന്ത്രണങ്ങളോടെ നടന്ന തെരഞ്ഞെടുപ്പിൽ ഏറെ പ്രയാസപ്പെട്ടാണ് പൊലീസുകാർ ചുമതല നിർവഹിച്ചത്. പ്രതിദിനം ഭക്ഷണ അലവൻസ് 250 രൂപ വീതവും കോവിഡ് അലവൻസ് 100 രൂപ വീതവുമാണ് നൽകാനുള്ളത്.
ഈ വർഷം ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലുമായിരുന്നു. രണ്ടുദിവസം മുതൽ 27 ദിവസം വരെ ഡ്യൂട്ടി ചെയ്തവരുണ്ട്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ ഉടൻതന്നെ തെരഞ്ഞെടുപ്പ് കമീഷൻ പൊലീസുകാർക്ക് തുക നൽകാനുള്ള ഉത്തരവിന് അംഗീകാരം നൽകിയിരുന്നു.
ജില്ലകളിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരും തുക അനുവദിച്ചുള്ള ഉത്തരവ് പൊലീസ് ആസ്ഥാനത്തേക്ക് അയച്ചു. ഇവിടെനിന്ന് ഉത്തരവ് തിരിച്ചെത്തിയിട്ടില്ലെന്നാണ് പറയുന്നത്. ജില്ല പൊലീസ് മേധാവിമാർ ഇതുസംബന്ധിച്ച് അന്വേഷണവും ഇടപെടലും നടത്താത്തതാണ് തുക ലഭിക്കാതിരിക്കാൻ കാരണമെന്നും തുക വകമാറ്റിയതാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.