ശിപാർശ കിട്ടിയിട്ട് ഏഴുമാസം; നിയമനം ലഭിക്കാതെ 22 ഉദ്യോഗാർഥികൾ
text_fieldsകൊച്ചി: നിയമന ശിപാർശ ലഭിച്ചിട്ട് ഏഴുമാസമായിട്ടും നിയമനം ലഭിക്കാതെ 22 ഉദ്യോഗാർഥികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്, സബ്ഗ്രൂപ് ഓഫിസർ ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് നിയമനം ലഭിച്ചവർക്കാണ് ദുർഗതി. അതേസമയം, 130ഓളം എൽ.ഡി ക്ലർക്ക്, സബ്ഗ്രൂപ് ഓഫിസർ ഒഴിവുകൾ നിലവിലുണ്ടെന്ന് അറിയുന്നു. 2019 ജൂൺ എട്ടിനാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ഒഴിവുകളിലേക്ക് എഴുത്തുപരീക്ഷ നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 26ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. അന്നുതന്നെ 64 പേർക്ക് നിയമന ശിപാർശ അയച്ചു. മേയ് നാലിന് ഇതിൽ 42 പേർക്ക് നിയമനം ലഭിച്ചു. ബാക്കി 22പേരുടെ നിയമനമാണ് താമസിപ്പിക്കുന്നത്. നിയമനം ലഭിച്ചവരിൽ ജോലിക്ക് ഹാജരാകാത്തവരും രാജിവെച്ച് പോയവരും ഉണ്ടെങ്കിലും ആ ഒഴിവുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിനെ അറിയിച്ചിട്ടില്ല.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി രാജ്യത്ത് തന്നെ നിലവിൽ വന്ന ആദ്യ ലിസ്റ്റാണിത്. ഈ വിഭാഗത്തിൽ ആറുപേർ ലിസ്റ്റിലുണ്ട്. നിയമനം ലഭിച്ചത് നാലുപേർക്ക് മാത്രം. ഒഴിവുകൾ താൽക്കാലിക നിയമനം നേടിയവർ കൈയടക്കുന്നുവെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.