ഏഴ് കുടുംബകോടതികൾ കൂടി; 21 വീതം തസ്തികയും
text_fieldsതിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ 21 തസ്തിക വീതം സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് പുതിയ കുടുംബകോടതി.
മറ്റു തീരുമാനങ്ങൾ; കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്കും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലെ നഴ്‌സിങ് അസിസ്റ്റന്‍റ്, ക്ലീനര്‍ എന്നിവർക്കും ശമ്പള പരിഷ്കരണത്തിന് അംഗീകാരമായി.
സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) തസ്തിക സൃഷ്ടിക്കും. ഇടമണ്‍ - കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌പെഷല്‍ തഹസില്‍ദാര്‍, എല്‍.എ, പവര്‍ഗ്രിഡ് യൂനിറ്റുകളിലെ 11 തസ്തികകള്‍ക്ക് 10.10.2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടർച്ചാനുമതി നല്‍കി.
ക്ലീന്‍ കേരള കമ്പനി പുതിയ മാനേജിങ് ഡയറക്ടറായി ജി.കെ. സുരേഷ് കുമാറിനെ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍) നിയമിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കരള്‍ദാന ശസ്ത്രക്രിയയെതുടര്‍ന്ന് സ്‌പൈനല്‍ സ്‌ട്രോക്ക് കാരണം ശരീരം തളര്‍ന്ന് കിടപ്പിലായ രഞ്ജു കെയുടെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ.
ഇടുക്കി കോടതി സമുച്ചയ നിർമാണത്തിന് ഇടുക്കി വില്ലേജില്‍ ജില്ല പഞ്ചായത്തിന്‍റെ അധീനതയിലെ രണ്ട് ഏക്കര്‍ സ്ഥലം സേവന വകുപ്പുകള്‍ തമ്മിലെ ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി ജുഡീഷ്യല്‍ വകുപ്പിന് നല്‍കാന്‍ അനുമതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.