പാനൂരില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകള്‍കൂടി കണ്ടെത്തി
text_fieldsകണ്ണൂർ: പാനൂരില്‍ കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകള്‍കൂടി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ ഷിബിൻ ലാലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഏഴ് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്ന വീടിന്റെ പരിസരത്തുനിന്നാണ് കൂടുതല്‍ ബോംബുകള്‍ കിട്ടിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇതോടെ പ്രദേശത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷരിൽ (31) മരിച്ചിരുന്നു. കേസിൽ മുളിയാത്തോട് സ്വദേശികളായ അതുൽ വായക്കാന്റ വിട (29), അരുൺ ഉറവുള്ള കണ്ടിയിൽ (30), അടുപ്പു കൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്ലാവരും സി.പി.എമ്മുകാരാണെന്ന് നാട്ടുകാർ പറഞ്ഞു. ബോംബ് നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവർ.
ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ (39) നിലയിൽ മാറ്റമില്ല. പരിക്കേറ്റ് തലശ്ലേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊത്തം നാലു പേരാണ് പരിക്കേറ്റ് തലശ്ശേരിയിലെയും കോഴിക്കോട്ടെയും ആശുപത്രിയിലുള്ളത്.
പാനൂർ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന നടത്താനൊരുങ്ങുകയാണ്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്താനുമാണ് നിർദേശം. ജില്ല പൊലീസ് മേധാവിമാർക്ക് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.