കന്യാസ്ത്രീകൾ സഞ്ചരിച്ച കാറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
text_fieldsഅങ്കമാലി: കന്യാസ്ത്രീകൾ സഞ്ചരിച്ച കാറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു മറിഞ്ഞ് ആറ് കന്യാസ്ത്രീകൾക്കും, ഡ്രൈവർക്കും പരുക്ക്. ആരുടെയും നില ഗുരുതരമല്ല.
ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോൺവെന്‍റിലെ സിസ്റ്റർ ജെസി (71), സിസ്റ്റർ തെരേസൻ (67), സിസ്റ്റർ ഗ്ളാഡിസ് (72), സിസ്റ്റർ പ്രവീണ (45), സിസ്റ്റർ പുഷ്പ (58), സിസ്റ്റർ ലീന (68), വാഹനം ഓടിച്ചിരുന്ന ആലുവ അശോകപുരം വെള്ളമ്പിള്ളി വീട്ടിൽ ജിക്സൺ (44) എന്നിവർക്കാണ് പരുക്കേറ്റത്. ഏഴ് പേർക്കും ശരീരമാസകലം പരുക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയപാതയിൽ അങ്കമാലി മോർണിങ് സ്റ്റാർ കോളജിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചുണ്ടിയിൽ നിന്ന് കന്യാസ്ത്രീകൾ കറുകുറ്റി എടക്കുന്നിൽ മരണാവശ്യത്തിൽ പങ്കെടുക്കാൻ മഹീന്ദ്ര സൈലോയിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ പോവുകയായിരുന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു. അതോടെ അതിവേഗം പിന്നിൽ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവരുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മീഡിയനിൽ കയറി കറങ്ങി റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് മറ്റ് വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശരീരമാസകലം മുറിവേറ്റ് അവശനിലയിൽ വാഹനത്തിൽ അകപ്പെട്ട ഏഴ് പേരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. മോണിങ് സ്റ്റാർ കോളജിന്റെ സമീപം റോഡിന്റെ ഇരുവശങ്ങളും കുത്തനെ വളവാണ്. ചെമ്പന്നൂർ, മേക്കാട് ഭാഗത്തേക്കുള്ള യു.ടേണും ഇതിന് സമീപമാണ്. വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗം വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.