കാര്യവട്ടം റാഗിങ്ങിൽ നടപടി സ്വീകരിച്ച് കോളജ്: ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ആറ് പേർക്കും രണ്ടാംവർഷക്കാരായ ഒരാൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് കോളജിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇവരിൽ പാർഥനാണ് രണ്ടാംവർഷ വിദ്യാർഥി.
ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായത്. കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ബിൻസ് ജോസിന്റെ പരാതി. സീനിയർ വിദ്യാർഥികളായ ഏഴ് പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.
ബിൻസ് ജോസിനോടു മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടുകുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു പറഞ്ഞപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചായിരുന്നു മർദനം. മുള കൊണ്ടും ബെല്‍റ്റ് കൊണ്ടും അടിച്ചു. പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പറഞ്ഞു.
ഈമാസം 11ന് കോളജില്‍ സീനിയര്‍ – ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ബിന്‍സ് ജോസ് ക്രൂരതക്ക് ഇരയായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കോളജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം നടത്തി. റാഗിങ് നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇക്കാര്യം പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുണ്ടായ സംഘർഷത്തിൽ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റാഗിങ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.