തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴുവയസ്സുകാരന്റെ കാല് തളർന്ന സംഭവം: നഴ്സിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി
text_fieldsചാവക്കാട്: താലൂക്കാശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴ് വയസ്സുകാരന്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. പൊലീസെടുത്ത കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്. ഈ നഴ്സിനെതിരെ മുമ്പും പരാതിയുണ്ടായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.
സംഭവത്തിൽ ആശുപത്രി അധികൃതരോട് എൻ.കെ. അക്ബർ എം.എൽ.എ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാറും ചാവക്കാട് റസ്റ്റ്ഹൗസിലെത്തി എം.എൽ.എയുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയതായും സൂപ്രണ്ട് അറിയിച്ചു.
പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ (ഏഴ്) ഇടതുകാലിനാണ് നടക്കാൻ കഴിയാത്ത വിധം തളർച്ച ബാധിച്ചത്. കുത്തിവെപ്പ് നടത്തിയ പുരുഷ നഴ്സ്, പരിശോധിച്ച ഡോക്ടർ എന്നിവർക്കെതിരെയാണ് കഴിഞ്ഞദിവസം എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ കേസെടുത്തത്. അന്വേഷണം ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന് കൈമാറിയതായി എസ്.എച്ച്.ഒ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർപഴ്സൻ ഷീജ പ്രശാന്ത് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.