പതിനേഴ് വർഷത്തെ വേട്ടയാടൽ, ഒടുവിൽ നീതി -റാസിഖ് റഹീം
text_fieldsഈരാറ്റുപേട്ട: 17വർഷത്തെ വേട്ടയാടലുകൾക്കാണ് വിരാമമായതെന്ന് പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെവിട്ട ഈരാറ്റുപേട്ട സ്വദേശി റാസിഖ് റഹീം. ജീവിതത്തിന്റെ സുവർണ കാലഘട്ടം കേസും കോടതിയുമായി കഴിച്ചുകൂട്ടിയതിലൂടെ വിലപ്പെട്ടതെല്ലാം നഷ്ടമായി. കേരളത്തിൽ എൻ.ഐ.എ ഏറ്റെടുത്ത ആദ്യത്തെ കേസ് എന്ന നിലയിൽ മാധ്യമങ്ങൾ ആഘോഷിച്ച കേസായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006 ആഗസ്റ്റ് 15ന് എറണാകുളം പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറാണ് കേസിന് ആസ്പദം. ‘സ്വാതന്ത്ര്യദിനത്തിൽ മുസ്ലിംകളുടെ പങ്ക്’ വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. നോട്ടീസ് വിതരണം നടത്തി പരസ്യമായാണ് പരിപാടി നടത്തിയത്.
എന്നാൽ, നിരോധിക്കപ്പെട്ട സിമിയുടെ രഹസ്യക്യാമ്പാണ് നടന്നതെന്ന് ആരോപിച്ചാണ് പങ്കെടുത്തവരിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. രാജ്യവിരുദ്ധ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2014ൽ കുറ്റപത്രം സമർപ്പിച്ചു. 2015ൽ എൻ.ഐ.എ കോടതി പ്രതികളെ 14വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. എന്നാൽ, കുറ്റാരോപണം തള്ളി 2019 ഹൈകോടതി കേസിലെ അഞ്ചുപേരെ വെറുതെ വിട്ടു.
ഹൈകോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളായ ശാദുലി, അബ്ദുൽറാസിഖ് എന്ന റാസിഖ് റഹീം, ശമ്മാസ്, ആലുവ സ്വദേശി അൻസാർ നദ്വി, പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ എന്നിവരെ കുറ്റമുക്തരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.