‘കുറേ ആൾക്കാര് പോയി സാറേ....’ പ്രദീപിന് കരച്ചിലടക്കാനാവുന്നില്ല
text_fields‘കുറേ ആൾക്കാര് പോയി സാറേ...’ ഇതും പറഞ്ഞ് പ്രദീപ് നിർത്താതെ കരച്ചിലായിരുന്നു. തലേന്നുവരെ കണ്ടുകൊണ്ടിരുന്ന പലരും മണ്ണിനടിയിലാണെന്ന് പറയുന്നു ഈ മുണ്ടക്കൈക്കാരൻ. പുലർച്ചെത്തിയ വൻ ദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പലർക്കുമൊപ്പം അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടിയ പ്രദീപ്, ദുരന്തത്തിന്റെ വ്യാപ്തി ഏറെയാണെന്ന് വിതുമ്പലോടെ ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.
എസ്റ്റേറ്റിലെ റൈറ്ററുടെ ക്വാർട്ടേഴ്സിൽ കയറി നിൽക്കുകയാണ് ഒരുപാടു പേർ. അവർക്കിടയിൽ കാലിലും കൈയിലും തലക്കുമൊക്കെ സാരമായി മുറിവേറ്റ് ചോരയൊലിക്കുന്നവരും. അവരെയെങ്കിലും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരമായേനേ എന്ന് പ്രദീപ്.
‘റോഡും പാലവുമൊക്കെ തകർന്നതിനാൽ ഒരു നിലക്കും എത്താൻ കഴിയാത്ത സാഹചര്യമാണ്. ഹെലികോപ്റ്റർ മാർഗം പരിക്കേറ്റവരെയൊക്കെ എത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ വന്നിട്ടില്ല. ഭയങ്കര അവസ്ഥയാണിവിടെ. ചെറിയ കുട്ടികളൊക്കെയുണ്ട്. കുഞ്ഞുങ്ങളുടെ ദേഹത്തൊക്കെ മുറിവുകളാണ്. അവരുടെ കരച്ചിൽ കണ്ടുനിൽക്കാനാവുന്നില്ല. ഒരു സ്ത്രീക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഞങ്ങൾ’.
ഇതുപറഞ്ഞ് പ്രദീപ് പിന്നെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. ‘കുറേ ആൾക്കാര് പോയി സാറേ...ആരും ആരെയും സഹായിക്കാൻ പോലുമാവാത്ത അവസ്ഥയാണ്. സുഖമില്ലാത്തവരെയെങ്കിലും ഒന്ന് അക്കരക്കെത്തിക്കാൻ സംവിധാനമുണ്ടാക്കിത്തരണേ..‘ പ്രദീപിന്റെ വാക്കുകൾ നീണ്ട കരച്ചിലിൽ മുങ്ങി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.