21 ദിവസം പിന്നിട്ട ആൺകുഞ്ഞിന്റെ ദുരിതം പറഞ്ഞാൽ തീരില്ല; കണ്ണീരണിഞ്ഞ് കുടുംബം
text_fieldsആലപ്പുഴ: പിറന്നുവീണ കൺമണിയെ താലോലിക്കാനും മുലയൂട്ടാനും കഴിയാത്ത വേദനയിലാണ് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ സുറുമി. ഡോക്ടർമാരുടെയും ലാബിന്റെയും അനാസ്ഥയിൽ കണ്ണീരണിഞ്ഞ് കഴിയുന്ന ഈ കുടുംബത്തിന്റെ നൊമ്പരത്തിന് ആര് പരിഹാരം കണ്ടെത്തുമെന്നതാണ് ചോദ്യം.
21 ദിവസം പിന്നിട്ട ആൺകുഞ്ഞിന്റെ ദുരിതം പറഞ്ഞാൽ തീരില്ല. കുഞ്ഞ് കണ്ണുതുറന്ന് മുഖത്തേക്ക് നോക്കി മുലപ്പാൽ കുടിക്കുന്നതാണ് ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷം. പക്ഷേ, കുഞ്ഞ് ഇതുവരെ കണ്ണുതുറന്നിട്ടില്ല. മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല. കൈയും കാലും വളഞ്ഞുപിരിഞ്ഞാണ്. ഹൃദയത്തിന് ദ്വാരവുമുണ്ട്. ജീവൻ നിലനിർത്താൻ മുലപ്പാൽ പിഴിഞ്ഞ് ട്യൂബ് വഴിയാണ് നൽകുന്നത്. തുടർചികിത്സക്ക് തിരുവനന്തപുരത്ത് പോകണം. അതിനുള്ള മാർഗവുമില്ല.
ഒക്ടോബർ 30നാണ് മൂന്നാം പ്രസവത്തിനായി യുവതിയെ ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് അനക്കമില്ലെന്ന് കാട്ടി നവംബർ രണ്ടിന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് വിട്ടു. ഈ മാസം എട്ടിന് രാത്രി ഏഴിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതോടെയാണ് അസാധാരണ അംഗവൈകല്യം തിരിച്ചിഞ്ഞത്.
നേരത്തേ രണ്ട് പ്രസവത്തിനും കാണിച്ച സ്കാനിങ് സെന്ററിലാണ് ആദ്യം പോയിരുന്നത്. മൂന്ന് മാസത്തിനുശേഷമാണ് ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള മറ്റൊരു ലാബിലേക്ക് പോയത്. ഒരു സ്കാനിങ് മാത്രമായിരുന്നു സൗജന്യം. അവസാന സ്കാനിങ്ങിന് 2300 രൂപയും കൊടുത്തു. കുഞ്ഞിനെ മലർത്തിക്കിടത്തിയാൽ അണുബാധയുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കമഴ്ത്തി, മുഖം ചരിച്ചാണ് കിടത്തുന്നത്. ഇടക്ക് നേരിയ ശബ്ദത്തിൽ കരയും -സുറുമി പറഞ്ഞു.
ഡോക്ടർമാരുടെ നിർദേശപ്രകാരം ഏഴുതവണയാണ് സ്കാൻ നടത്തിയത്. കുഞ്ഞിന് തകരാറുള്ളതായി ഇതിലൊന്നും കണ്ടെത്തിയില്ല. ഒമ്പതാം മാസത്തെ സ്കാനിങ്ങിൽ വീണ്ടും ഫ്ലൂയിഡിന്റെ അളവ് കൂടിയതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഹൃദയമിടിപ്പ് കുറഞ്ഞതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റിയ യുവതിയെ പരിശോധിച്ച ഡോക്ടർമാരാണ് കുഞ്ഞിന് വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിയത്. ടാക്സി ഡ്രൈവറായ ഭർത്താവ് അനീഷും രണ്ട് പെൺകുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ് വേദനയിൽ കഴിയുന്നത്.
പരിശോധനയിൽ എല്ലാം സാധാരണ നിലയിലെന്ന് ഡോക്ടർ
ആലപ്പുഴ: വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവത്തിൽ ലാബിൽ നടത്തിയ പരിശോധനയിൽ എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് സുറുമിയെ ഗർഭസ്ഥകാലയളവിൽ ചികിത്സിച്ച കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ഗർഭകാലത്ത് ചികിത്സിച്ചതിന്റെ എല്ലാ രേഖകളുമുണ്ട്. പരിശോധനയും കൃത്യമായിരുന്നു. സങ്കീർണാവസ്ഥ യുവതിയുടെ ഭർത്താവിനെ അറിയിച്ചിരുന്നു. ഗർഭാവസ്ഥയിൽ കൃത്യമായ ഇടവേളകളിൽ സ്കാനിങ്ങിന് നിർദേശിച്ചിരുന്നു.
ജനനി ശിശുസുരക്ഷ കാര്യക്രം (ജെ.എസ്.എസ്.കെ) പദ്ധതി പ്രകാരമാണ് ആദ്യം സ്കാൻ നടത്തിയ ലാബിൽനിന്ന് മാറ്റിയത്. ഏഴാംമാസത്തിലെ സ്കാനിങ്ങിനുശേഷം ഫ്ലൂയിഡ് കൂടുന്നതായി കണ്ടെത്തിയിരുന്നു. ഇത് അവരെ അറിയിച്ചു. പിന്നീട് നടത്തിയ സ്കാനിങ്ങിലും ഇത് കൂടുന്നതായി കണ്ടെത്തിയതോടെയാണ് അഡ്മിറ്റാകാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.