പ്രിയപ്പെട്ട മത്തീ, മടങ്ങിവരൂ...
text_fieldsകൊച്ചി: കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും മലയാളിയുടെ ഇഷ്ട മത്സ്യവിഭവമായ മത്തി അപ്രത്യക്ഷമായിട്ട് മാസങ്ങളായി. ട്രോളിങ് കഴിഞ്ഞിട്ടും സംസ്ഥാനത്തെ കടലിൽനിന്ന് മത്തി വേണ്ടത്ര കിട്ടാനില്ല. ചിലയിടങ്ങളിൽ കിട്ടുന്നതിനാകട്ടെ തീപിടിച്ച വിലയും. കാലാവസ്ഥ വ്യതിയാനം കാരണമായി പറയുന്നുണ്ടെങ്കിലും ഇത്ര നീണ്ട കാലയളവിലേക്ക് മത്തിക്ക് കടുത്ത ക്ഷാമം നേരിടുന്നത് ഇതാദ്യമാണെന്ന് മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു. 2012ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്തി പിടിച്ചത് -3.99 ലക്ഷം ടൺ. 8.33 ലക്ഷം ടണ്ണായിരുന്നു ആ വർഷം മൊത്തം മത്സ്യ ഉൽപാദനം. അതിൽ പകുതിയോളവും മത്തിയായിരുന്നു. പിന്നീട് ലഭ്യത ഗണ്യമായി ഇടിഞ്ഞു.
എൽനിനോ പ്രതിഭാസമായിരുന്നു പ്രധാന കാരണം. 2021ൽ 3297 ടൺ മത്തി മാത്രമാണ് ലഭിച്ചത്. ഇപ്പോഴത്തെ കടുത്ത ക്ഷാമത്തിന് കൃത്യമായ കാരണങ്ങൾ കണ്ടെത്താനായിട്ടില്ല. വർഷങ്ങളായി മത്തിയുടെ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നുണ്ടെന്നും കടലിന്റെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥ പ്രതിഭാസങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ലഭ്യതയെ സ്വാധീനിക്കുമെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. എങ്കിലും ഇപ്പോൾ മത്തിക്ക് അനുഭവപ്പെടുന്ന ദൗർലഭ്യത്തെക്കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽമഴയുടെ അനുകൂല സാഹചര്യം ഉൾപ്പെടെ കണക്കിലെടുക്കുമ്പോൾ ഇപ്പോൾ മത്തി വലിയ തോതിൽ കിട്ടേണ്ട സമയമാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് തലവൻ ഡോ. എം.കെ. സജീവൻ പറയുന്നു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ മത്തിയുടെ കുഞ്ഞുങ്ങളെ ഇപ്പോഴും പിടിക്കുന്നുണ്ട്.
വളരാൻ അനുവദിക്കാതെ ഇത്തരത്തിൽ പിടിക്കുന്നത് ലഭ്യതയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഭ്യത കുറഞ്ഞതോടെ മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികളാണ് കൂടുതൽ പ്രതിസന്ധിയിലായത്. മത്തിക്ക് അവർക്കിടയിൽ ‘മക്കളെപ്പോറ്റി’ എന്നൊരു വിളിപ്പേര് തന്നെയുണ്ട്. മത്തിക്ക് അവരുടെ ഉപജീവനവുമായും ദൈനംദിന വരുമാനവുമായും അത്രമാത്രം ബന്ധമുണ്ട്. ഇടക്കിടെ അപ്രത്യക്ഷമാകുന്നത് മത്തിയുടെ സവിശേഷ സ്വഭാവമാണെന്നും തുലാവർഷമാകുമ്പോൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.