ജീവനക്കാരുടെ ക്ഷാമം രൂക്ഷം; തദ്ദേശ വകുപ്പിൽ സ്ഥലംമാറ്റ നടപടി ഇഴയുന്നു
text_fieldsപാലക്കാട്: ഏകീകൃത തദ്ദേശവകുപ്പിൽ സ്ഥലംമാറ്റ നടപടികൾ ഇഴയുന്നു. മേയ് 31നകം സ്ഥലംമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിലെ സ്ഥലംമാറ്റ നടപടികൾ എങ്ങുമെത്തിയില്ല. വിരമിച്ചവർ, വകുപ്പ് വിട്ടുപോയ ഒഴിവുകൾ ഇനിയും നികത്തപ്പെടാതെ കിടക്കുകയാണ്. ഇൻഫർമേഷൻ കേരള മിഷൻ വെബ്സൈറ്റ് വഴി ഇതിനായി സംവിധാനമൊരുക്കുകയും സ്ഥലംമാറ്റ പട്ടികയുടെ കരട് രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടി സ്തംഭിച്ചത്.
ഫെബ്രുവരി 19ന് തദ്ദേശ സ്വയംഭരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകീകൃത തദ്ദേശ വകുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇതിന്റെ തുടർച്ചയായി നിയമഭേദഗതി ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന-ജില്ല തലത്തിൽ ഓഫിസ് സംവിധാനങ്ങളും ഫെബ്രുവരി മുതൽ നിലവിൽ വന്നിട്ടുണ്ട്. പൊതു സ്ഥലംമാറ്റം സമാന തസ്തികകളിലേക്കുള്ള പ്രവേശനം കൂടി ഉൾക്കൊള്ളിച്ചുള്ളതാകണമെന്ന് കാണിച്ചാണ് കരട് രേഖ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ജില്ലക്കകത്തുള്ള ജില്ല ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ ജില്ല ഓഫിസർമാരും സംസ്ഥാനതല ഉദ്യോഗസ്ഥരുടേത് വകുപ്പു മേധാവിയും ഓഫിസുകളിലെ സ്ഥലംമാറ്റം ഓഫിസ് മേധാവിയും നടത്തണം, ഒരു ഓഫിസിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റണം തുടങ്ങി നിരവധി നിർദേശങ്ങളും ഉണ്ടായിരുന്നു.
നടപടികളുടെ ഭാഗമായി വകുപ്പിലെ ഔദ്യോഗിക രേഖകളിലുള്ള ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങളും ഔദ്യോഗിക വിവരങ്ങളും ഉദ്യോഗസ്ഥർ തന്നെ വീണ്ടും രേഖപ്പെടുത്താനായിരുന്നു ആദ്യ നിർദേശം. വാർഷിക പദ്ധതിയുടെ അവസാന ദിവസങ്ങളിൽ ഇത്തരത്തിലുള്ള രേഖപ്പെടുത്തലുകൾ ഉദ്യോഗസ്ഥർക്ക് ചെയ്യാനായില്ല. പിന്നീട് ഏപ്രിൽ അവസാനത്തോടെ നടപടി പൂർത്തീകരിച്ചു. മേയ് ആദ്യവാരം ക്യൂ ലിസ്റ്റ് എന്ന പേരിൽ കരട് സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങുകയും 15 വരെ ലിസ്റ്റ് സംബന്ധിച്ച് പരാതി നൽകാൻ അവസരം നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഒടുവിൽ മേയ് 31ന് റിട്ടയർമെന്റ് ഒഴിവുകൾ വന്നിട്ടും സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലാത്തതിനാൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.