‘ആൺവേഷം’ അഴിച്ചു; ഇനി അവൾ പെണ്ണ്
text_fieldsതിരുവനന്തപുരം: പെണ്ണായി പിറന്നിട്ടും ജീവിതത്തിലും രേഖകളിലും ആൺവേഷം അണിയേണ്ടിവന്ന അവൾക്ക് സർക്കാർ ഉത്തരവിെൻറ ബലത്തിൽ അവളെതന്നെ തിരിച്ചുകിട്ടി. ആൺകുട്ടിയെന്ന് രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി 14 വർഷം തീ തിന്ന യുവതി ബുധനാഴ്ച പെൺകുട്ടിയെന്ന പുതിയ സർട്ടിഫിക്കറ്റ് പരീക്ഷാഭവൻ ജോയൻറ് കമീഷണർ സി. രാഘവനിൽനിന്ന് ഏറ്റുവാങ്ങി.
പേരും വിലാസവും വെളിപ്പെടുത്തരുതെന്ന അഭ്യർഥനയിലാണ് തിരുവനന്തപുരം സ്വദേശിനിയായ 28കാരി തെൻറ കനലെരിയും ജീവിതം ‘മാധ്യമ’വുമായി പങ്കുവെച്ചത്. പേരും ലിംഗവും തിരുത്തിയ ആദ്യ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അപേക്ഷക എന്ന ഖ്യാതിയും ഇവൾക്കായി.
2004ൽ തിരുവനന്തപുരം ഗവ. മോഡൽ സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായ യുവതിയുടെ ഹയർസെക്കൻഡറി, െഎ.ടി.സി സർട്ടിഫിക്കറ്റിൽ ആൺ എന്നാണ് രേഖപ്പെടുത്തിയത്. പെൺകുട്ടിയായി ജനിച്ച ഇവർക്ക് ചെറുപ്പത്തിൽ ഹോർമോൺ, ജനിതക പ്രശ്നമുണ്ടായിരുന്നു. ആൺകുട്ടികളുടെ സ്വഭാവം പ്രകടിപ്പിച്ച ഇവരെ ആൺകുട്ടിയായി വളർത്താനാണ് വീട്ടുകാർ ശ്രമിച്ചത്. ഇതിന് ഹോർമോൺ ചികിത്സയടക്കം നടത്തി. ആൺവേഷത്തിൽ സ്കൂളിൽ പോകേണ്ടിവന്ന ചെറുപ്പം വേദനയോടെയാണ് ഇവർ ഒാർക്കുന്നത്. സ്കൂളിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻപോലും കഴിഞ്ഞിരുന്നില്ല. സഹപാഠികൾ സംശയദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. ആൺകുട്ടികൾക്കൊപ്പം കളിക്കാനും സഹവസിക്കാനും വീട്ടുകാർ നിർബന്ധിച്ചെങ്കിലും തന്നിൽ പെൺ അസ്തിത്വമാണെന്ന് വൈകിയാണെങ്കിലും യുവതി തിരിച്ചറിഞ്ഞു.
ഒടുവിൽ, തിക്താനുഭവങ്ങളെ നിശ്ചയദാർഢ്യത്തിലൂടെ മറികടക്കാൻ തീരുമാനിച്ചു. 2012 മുതൽ മുടി നീട്ടിവളർത്തി പെണ്ണായി ജീവിക്കാൻ തുടങ്ങി. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് ഉൾപ്പെടെയുള്ള വിവരം പെണ്ണിേൻറതാക്കി. അപ്പോഴും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിൽ പേരും ലിംഗവും ആണിേൻറതായി കിടന്നു. ഇതാകെട്ട ജോലിക്ക് തടസ്സമായി. ഒരു വർഷം മുമ്പ് പരീക്ഷാഭവനിലെത്തി ജോയൻറ് കമീഷണർ സി. രാഘവനെ കണ്ട് സങ്കടം പറഞ്ഞു. അദ്ദേഹത്തിെൻറ നിർദേശത്തിൽ മന്ത്രി സി. രവീന്ദ്രനാഥിന് മുന്നിൽ സങ്കടക്കെട്ടഴിച്ചു.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേരും ലിംഗവും തിരുത്താൻ വ്യവസ്ഥയില്ല. എങ്കിലും കുരുക്കഴിക്കാൻ മന്ത്രി നിർദേശം നൽകി. ഒടുവിൽ, സർട്ടിഫിക്കറ്റിൽ അപാകത സംഭവിച്ചവർക്കും ശസ്ത്രക്രിയ വഴി ലിംഗമാറ്റം നടത്തിയവർക്കും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ തിരുത്തൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റ് സഹിതം നൽകിയ ആദ്യ അപേക്ഷയിലൂടെയാണ് യുവതിക്ക് പരീക്ഷാഭവൻ പുതിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ബുധനാഴ്ച കൈമാറിയത്. ഇതോടെ, അവർ പൂർണമായും പെൺസ്വത്വം വീണ്ടെടുത്തു. മറ്റൊരു അപേക്ഷയിലും പരീക്ഷാഭവൻ പുതിയ സർട്ടിഫിക്കറ്റ് തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.