'കുട്ടികളെ ഒരുമിച്ചിരുത്തി സ്വവർഗരതിയും സ്വയംഭോഗവും പഠിപ്പിക്കാനാണ് സർക്കാർ നീക്കം'; അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തിൽ
text_fieldsകണ്ണൂർ: ഇടത് സർക്കാറിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തിൽ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമമെന്ന് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വവർഗരതിയും സ്വയംഭോഗവും പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ-പെൺ ഭേദമില്ലാത്ത ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്‍റെ സംസ്കാരം നശിക്കും. കൗമാരക്കാരെ ഒന്നിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം പാടില്ലെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
സ്വതന്ത്ര ലൈംഗികത കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക വീക്ഷണമാണ്. കുട്ടികൾ വിവാഹ ശേഷമോ അല്ലാതെയോ എന്ന് നോക്കാതെ സമൂഹം അവരെ കാത്തുരക്ഷിക്കണമെന്നാണ് അവർ പറയുന്നത്. അങ്ങനെ താൻ സ്നേഹിക്കുന്ന പുരുഷനുമായി സ്വതന്ത്രമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ പെൺകുട്ടിക്ക് തടസമായി നിൽക്കുന്ന ഭവിഷ്യത്തുകൾ ഇല്ലായ്മ ചെയ്യണം. കമ്യൂണിസ്റ്റ് വീക്ഷണം കലാലയത്തിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ പരിശ്രമിച്ചതെന്നും രണ്ടത്താണി കുറ്റപ്പെടുത്തി.
നാട് എങ്ങോട്ടാണ് പോകുന്നതെന്ന് നമ്മൾ ആലോചിക്കണം. തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. അത് കൂടി സംരക്ഷിച്ചു കൊണ്ട് മാത്രമേ നാടിന് മുന്നോട്ടു പോകാൻ കഴിയൂവെന്നും രണ്ടത്താണി വ്യക്തമാക്കി.
കണ്ണൂർ സിവിൽ സ്റ്റേഷന് മുമ്പിൽ വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് രണ്ടത്താണിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.