പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ; എട്ട് യുവതികളടക്കം 12 പേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: ടൗൺ ഹാളിനുസമീപം സ്പായുടെ മറവിൽ നടത്തിയത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ പ്രവർത്തന കേന്ദ്രമെന്ന് പൊലീസ്. കോട്ടയം എരുമേലി സ്വദേശി പ്രവീൺ എന്നയാളുടെ നേതൃത്വത്തിലാണ് ‘മോക്ഷ സ്പാ’ എന്ന പേരിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇയാളടക്കം 4 പുരുഷൻമാരെയും എട്ട് യുവതികളെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായവർ സ്പാ ജീവനക്കാരും ഇടപാടുകാരുമാണെന്ന് പൊലീസ് പറഞ്ഞു.
നടത്തിപ്പുകാരന് പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം മാത്രം ഇടപാടുകാരിൽ നിന്ന് 1.68 കോടി രൂപ എത്തിയതായും പൊലീസ് പറഞ്ഞു. മൂന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ചാണ് ഇവിടെ ഇടപാടുകൾ നടത്തുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മറ്റൊരു അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രത്തിന്റെ ബിനാമിയാണ് ഇരുവരും. അനാശാസ്യത്തിലൂടെ ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എ.എസ്.ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടതായും എസ്.എച്ച്.ഒ പി.എം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാര രശ്മിയെന്ന ഒരു സ്ത്രീയാണ് അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത്. കസ്റ്റമേഴ്സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു. അവിടെ തന്നെയാണ് മുഖ്യസൂത്രധാര രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപോയഗിച്ചത്’ -എസ്.എച്ച്.ഒ രതീഷ് പറഞ്ഞു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യത്തിന്റെ അടിസ്ഥാനത്തില്‍ രശ്മിയെയും സഹായിയെയും ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസുകാരെ അറസ്റ്റ് ചെയ്തത്. ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.
അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന വിഹിതം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്കുന്നുണ്ടായിരുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് പൊലീസുകാരും രശ്മിയും തമ്മില്‍ നടന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
റൗഡി ലിസ്റ്റിൽപെട്ടയാൾ പോക്സോ കേസിൽ അറസ്റ്റിൽ
പനങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച റൗഡി ലിസ്റ്റിൽപെട്ടയാൾ അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ ചിറ്റേഴത്തു വീട്ടിൽ ആദിത്യനാണ് (20) പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായത്. കൊലപാതക ശ്രമം, പോക്സോ കേസ്, പിടിച്ചുപറി, മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പനങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടിട്ടുണ്ട്.
കേസിനുശേഷം ഒളിവിൽ പോയ ഇയാളെ എറണാകുളം സൗത്ത് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പിടികൂടിയത്. എറണാകുളം സെൻട്രൽപൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിൽ ജാമ്യത്തിലാണ്. പോക്സോ കേസുമായി ബന്ധപ്പെട്ട് എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച സ്പെഷൽ അന്വേഷണ ടീമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അന്വേഷണ സംഘത്തിൽ പനങ്ങാട് എസ്.ഐമാരായ മുനീർ, റഫീഖ്, സി.പി.ഒമാരായ അരുൺരാജ്, പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.