'ലിവിങ് ടുഗദർ' മറയാക്കി പെൺവാണിഭ സംഘങ്ങൾ
text_fieldsഅസം സ്വദേശിയാണ് പതിനേഴുകാരിയായ ദേബശ്രീ (യാഥർഥ പേരല്ല). ദരിദ്രകർഷക കുടുംബത്തിലെ മൂന്നാമത്തെ പുത്രി. അവളുടെ ഗ്രാമത്തിലെ യുവാവ് കേരളത്തിൽ ജോലിക്കെത്തി സമ്പാദിച്ച് വീട് പുതുക്കി പണിതു. ഇതുകണ്ട ദേബശ്രീ യുവാവിനോട് വീട്ടിലെ പ്രയാസങ്ങൾ പറഞ്ഞ് പണം കടം വാങ്ങാൻ പോയി.
എന്നാലിയാൾ കേരളത്തിൽ വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്നും മലയാളി വിഭവങ്ങളുണ്ടാക്കാൻ പഠിച്ചാൽ വലിയ ശമ്പളം കിട്ടുമെന്നും അറിയിച്ചു. ഇതോടെ ദേബശ്രീയുടെ സ്വപ്നത്തിൽ മുഴുവൻ മലയാളി വീടും അവിടത്തെ ജോലിയും മാത്രമായിരുന്നു. അയൽക്കാരനായ യുവാവ് പിന്നീട് കേരളത്തിലേക്ക് മടങ്ങി. ഏജന്റിന്റെ സഹായത്തോടെ ജോലി തരപ്പെടുത്തിയെന്നും ഉടൻ കേരളത്തിലെത്താനും ഈ യുവാവ് ദേബശ്രീയെ അറിയിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ദേബശ്രീയെ ഈ അയൽവാസിയും മലയാളിയായ ഒരാളും ചേർന്ന് നേരെ കൂട്ടിക്കൊണ്ടുപോയത് പാളയത്തെ ഒരു ലോഡ്ജിലേക്കാണ്. പന്തികേട് തോന്നിയ പെൺകുട്ടി തിരിച്ചുപോവണമെന്ന് പറഞ്ഞെങ്കിലും വീട്ടുജോലി ഉടൻ ശരിയാവുമെന്നും അതുവരെ ഇവിടെ താമസിക്കാമെന്നും അവർ നിർബന്ധിച്ചു -ഇത്രയും ഫ്ലാഷ് ബാക്കാണ്. ഇനി പുറത്തുവന്ന സംഭവങ്ങൾ നോക്കാം.
മാസങ്ങൾക്കുമുമ്പ് പട്ടാപകൽ പാളയം എം.പി റോഡിലെ ലോഡ്ജിൽ അസം സ്വദേശിയായ പെൺകുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിയോടി. അമ്പരന്ന സമീപത്തെ വ്യാപാരികൾ ടൗൺപൊലീസിൽ വിവരമറിച്ചു. പിങ്ക് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോഡ്ജിൽവെച്ച് തനിക്കുനേരെ ലൈംഗികാതിക്രമമുണ്ടായപ്പോൾ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് മൊഴി നൽകിയതോടെ പൊലീസ് ലോഡ്ജ് അരിച്ചുപെറുക്കി.
അസം സ്വദേശിനികളായ യുവതികളടക്കം ഏഴുപേരെ സ്റ്റേഷനിലെത്തിച്ചു. ഞങ്ങൾ ലിവിങ് ടുഗദർ ജീവിതം നയിക്കുന്നവരാണ്. ഇത് കോടതി അനുവദിച്ചതല്ലേ... എന്ന് ഇതിലൊരു യുവതി പറഞ്ഞതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
വാണിഭത്തിന് സ്ത്രീകളെ എത്തിച്ച ഏജൻറുമാർ തന്നെയാണ് പിടിക്കപ്പെട്ടാൽ ലിവിങ് ടുഗദർ ജീവിതം എന്ന തന്ത്രം പയറ്റാൻ ഇവരെ പഠിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്ജ് നടത്തിപ്പുകാരനടക്കം അഞ്ചോളം പേരാണ് അറസ്റ്റിലായത്. ഇരകളാക്കപ്പെട്ടവർ പോലും അന്വേഷണവുമായി സഹകരിക്കാതിരുന്നതോടെ സ്ത്രീകളെയെത്തിച്ച ഏജന്റുമാരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞതുമില്ല.
ഇതടക്കം സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത് പെൺവാണിഭ സംഘങ്ങളുടെ താവളമാണീ നഗരമെന്നാണ്. കഴിഞ്ഞ വർഷം എട്ട് പെൺവാണിഭ സംഘങ്ങളെയാണ് അറസ്റ്റുചെയ്തത്. പത്തോളം സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ലിവിങ് ടുഗദർ, പരാതിയില്ല, സൗഹൃദ കൂട്ടായ്മ എന്നിങ്ങനെയെല്ലാം ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതോടെ പൊലീസ് നിയമനടപടി ഒഴിവാക്കി. ചേവായൂർ സ്റ്റേഷനിലാണ് കൂടുതൽ കേസ്. നടത്തിപ്പുകാർ കോഴിക്കോട്ടുകാരാണെങ്കിലും പിടിക്കപ്പെടുന്ന സ്ത്രീകൾ ഇതര ജില്ലക്കാരും ഇതര സംസ്ഥാനക്കാരുമാണ്.
ചേവരമ്പലം, പുതിയറ, തൊണ്ടയാട് എന്നിവിടങ്ങളിൽനിന്ന് പിടിയിലായ വാണിഭ സംഘങ്ങളിലെല്ലാം ഇതര സംസ്ഥാനക്കാരായ സ്ത്രീകളുണ്ടായിരുന്നു. പലരും ഇരകളായതിനാൽ പൊലീസ് കേസിൽ നിന്നൊഴിവാക്കി.
തൊണ്ടയാട് മുതരക്കാല വയലിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച വാണിഭ സംഘത്തിലെ രണ്ടു യുവതികളിലൊരാൾ കൊൽക്കത്ത സ്വദേശിനിയായിരുന്നു. ഇവരെയും ജോലി വാഗ്ദാനം ചെയ്താണ് കേരളത്തിലെത്തിച്ചത്.
ഈ കേസിലടക്കം പ്രതികളുടെ മൊബൈൽ ഫോൺ കോളുകളും വാട്സ്ആപ് ചാറ്റുകളും പരിശോധിച്ചതിൽ യുവതികളെ കടത്താൻ ചില സ്ത്രീകളും ഇടനിലക്കാരായതിന്റെ വിവരമാണ് ലഭിച്ചത്. തൊണ്ടയാട്ട് വാടക വീടെടുത്തത് നടത്തിപ്പുകാരനായ തലക്കുളത്തൂര് സ്വദേശി നസീറാണെന്നും മഞ്ചേരി സ്വദേശി സീനത്താണ് ഇടപാടുകൾ നിയന്ത്രിച്ചതും സ്ത്രീകളെയടക്കം ഇങ്ങോട്ടെത്തിച്ചതും എന്നുമാണ് കണ്ടെത്തിയത്.
നേരത്തേ കക്കാടം പൊയിലിലെ റിസോർട്ടിലേക്ക് പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ വാണിഭത്തിനെത്തിച്ച കര്ണാടക ചിക്കമംഗളൂരു സ്വദേശിനി ഫര്സാനയും അറസ്റ്റിലായിരുന്നു. അതേസമയം, നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മസാജിങ് സെന്ററുകളുടെ മറവിലും പെൺവാണിഭ ഇടപാടുകൾ നടക്കുന്നതായി വിവരം ലഭിച്ചതോടെ പല സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. ചൂഷണം എന്നതിനപ്പും 'കൂട്ടുബിസിനസ്' എന്ന നിലക്കാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ, നാട്ടുകാരുടെ പരാതിയിൽ പരിശോധന നടത്തി പിടികൂടിയാൽപോലും ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിഭവം പറഞ്ഞത്.
ഹണിട്രാപ് സംഘങ്ങൾ പെരുകി; പ്രവാസിക്ക് നഷ്ടമായത് 59 ലക്ഷവും കാറും
കോഴിക്കോട്: നേരത്തേ കേട്ടുകേൾവി മാത്രമായിരുന്ന ഹണിട്രാപ് സംഘങ്ങൾ വലിയതോതിലാണ് ജില്ലയിൽ വർധിച്ചത്. സ്ത്രീകളുൾപ്പെടുന്ന സംഘം യുവ വ്യവസായികൾ, പൗര പ്രമുഖർ എന്നിവരടക്കമുള്ളവരെ വലയിലാക്കി ലക്ഷങ്ങളാണ് 'സമ്പാദിക്കുന്നത്'. മാനഹാനി ഭയന്ന് പരാതി നൽകില്ലെന്നതാണ് ഇത്തരക്കാർക്ക് വളമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ വിളികളിലൂടെയുമാണ് ഇത്തരം സംഘങ്ങൾ 'ഇര'കളെ കണ്ടെത്തുന്നത്. കഴിഞ്ഞവർഷം ഇത്തരത്തിലുള്ള പത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒമ്പതിലും മലയാളി സംഘമാണ് കെണിയൊരുക്കിയത്.
കുന്ദമംഗലത്തെ പ്രവാസി വ്യവസായിയിൽനിന്ന് 59 ലക്ഷം രൂപയും കാറും സ്വർണമാലയും തട്ടിയതാണ് വലിയ സംഭവം. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാരപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കൂത്തുപറമ്പ് സ്വദേശിനിയടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. സംഘം സമാന തട്ടിപ്പുകൾ നിരവധി തവണ നടത്തിയെങ്കിലും പരാതികളില്ലാത്തതിനാൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.
നാൽപത്തിനാലുകാരി ഫോണിലൂടെ പരിചയപ്പെട്ട് 'മധുരവർത്തമാനം' പറഞ്ഞാണ് പ്രവാസിയുമായി സൗഹൃദം സ്ഥാപിച്ചത്. കോഴിക്കോട്ട് ഹോട്ടലും ബ്യൂട്ടിപാർലറും ഉണ്ടെന്നും പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്നുമായിരുന്നു വാഗ്ദാനം. ഇതോടെ വ്യവസായി 17 ലക്ഷം രൂപ അയച്ചുനൽകി.
ലാഭ വിഹിതമായി സ്ത്രീ മൂന്നു മാസം 50,000 രൂപവീതം വ്യവസായിക്ക് നൽകുകയും ചെയ്തു. തുടർന്ന് പല തവണയായി 42 ലക്ഷം രൂപ കൂടി ഇവർ വാങ്ങി. ലാഭവിഹിതം മുടങ്ങിയതോടെ വ്യാപാര കരാറുണ്ടാക്കണമെന്ന് പറഞ്ഞെങ്കിലും യുവതി അംഗീകരിച്ചില്ല. യുവതിക്ക് ഹോട്ടലും ബ്യൂട്ടി പാർലറുമൊന്നും ഇല്ലെന്ന് വ്യക്തമായതോടെ പണം ആവശ്യപ്പെട്ടു. പണത്തിന് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിയ വ്യവസായിയെ ഒമ്പതുപേർ ചേർന്ന് മർദിച്ചവശനാക്കുകയും വസ്ത്രങ്ങളഴിച്ച് നഗ്നനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയാൽ നഗ്നഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു പവെൻറ സ്വർണമാലയും കാറും സംഘം കൈക്കലാക്കി. മാസങ്ങൾക്കുശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യവസായി പരാതി നൽകുകയായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.