ലൈംഗിക പരാമർശം: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ദൃശ്യമാധ്യമ പ്രവർത്തകക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈകോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജർ രവി നൽകിയ ഹരജി തള്ളിയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിടാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
2016 മാർച്ച് 12ന് എറണാകുളത്തെ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഏഷ്യാനെറ്റ് ചീഫ് കോഓഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ നടത്തിയ പരാമർശമാണ് മേജർ രവിക്കെതിരെ കേസിനിടയാക്കിയത്. മുൻ സൈനിക ഉദ്യോഗസ്ഥനും സെലിബ്രിറ്റിയുമായ ഹരജിക്കാരന്‍റെ പ്രസംഗവും പ്രസ്താവനകളും പൊതുജനങ്ങൾ ശ്രദ്ധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിചാരണയിൽനിന്ന് ഹരജിക്കാരനെ ഒഴിവാക്കാൻ മതിയായ കാരണമില്ല. നിരപരാധിയാണെങ്കിൽ വിചാരണയിലൂടെ ഹരജിക്കാരന് അത് തെളിയിക്കാൻ അവസരം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രസംഗത്തിന്‍റെ പേരിൽ ഹരജിക്കാരനെതിരെ മജിസ്ട്രേറ്റ് അപകീർത്തി കേസെടുത്തത് സിംഗിൾ ബെഞ്ച് റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസെടുത്തതെന്ന് വിലയിരുത്തിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.