ലൈംഗിക ചൂഷണം: ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ആറ് കേസ്
text_fieldsകൊച്ചി: ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ആർട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ പൊലീസ് ആറ് കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരു മലയാളി ഉൾപ്പെടെ രണ്ട് യുവതികൾകൂടെ പരാതി നൽകുകയായിരുന്നു. മീ ടൂ ആരോപണത്തെത്തുടർന്ന് ഒളിവിൽ പോയ സുജീഷിനെ കണ്ടെത്താനായില്ല. ബംഗളൂരുവിലേക്ക് കടന്നെന്ന സംശയത്തെത്തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസെടുത്ത ശേഷം സുജീഷിന്റെ ഇങ്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ പൊലീസ് പരിശോധന നടത്തി. ഈ സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്യാനെത്തിയ യുവതികളാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പൊലീസ് ടാറ്റൂ സ്റ്റുഡിയോ പരിശോധിച്ചത്. ഒരു ഡി.വി.ആർ, രണ്ട് ഹാർഡ് ഡിസ്ക്, രണ്ട് ടാറ്റൂ ഗൺ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ഇവ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയക്കും.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് കഴിഞ്ഞ ദിവസമാണ് 18കാരി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ സമാന അനുഭവം തുറന്നുപറഞ്ഞ് അഞ്ച് യുവതികൾകൂടി പൊലീസിനെ സമീപിച്ചു. ഇ-മെയിലിലൂടെയാണ് ബംഗളൂരു മലയാളിയുടെ പരാതി ലഭിച്ചത്. ആലിൻചുവട്, ചേരാനല്ലൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പീഡിപ്പിച്ചെന്നാണ് പരാതി. യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷയും നൽകി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ജീവനക്കാരുടെയും ആർട്ടിസ്റ്റുകളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.