രഞ്ജിത്തിനെതിരായ ലൈംഗികാരോപണം; ബംഗാളി നടിയുടെ രഹസ്യമൊഴിയെടുക്കും
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടമായി വിഡിയോ കോൺഫറൻസിലൂടെയും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ നിയമപ്രകാരമുള്ള രഹസ്യമൊഴിയും രേഖപ്പെടുത്തും. പരാതിക്കാരിക്ക് കേരളത്തിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കൊൽക്കത്തയിലെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ സൗകര്യമൊരുക്കും. ബംഗാളി നടിയുടെ പരാതിയിൽ തിങ്കളാഴ്ച എറണാകുളം നോർത്ത് പൊലീസെടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കോസ്റ്റൽ പൊലീസ് എ.ഐ.ജി ജി. പൂങ്കുഴലിക്കാകും അന്വേഷണ ചുമതല.
പ്രത്യേക അന്വേഷണ സംഘത്തിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എവിടെ കേസ് രജിസ്റ്റര്‍ ചെയ്താലും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എല്ലാം വനിത ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കും. ആരോപണവുമായി രംഗത്തുവരുന്നവരുടെയെല്ലാം മൊഴി എസ്.ഐ.ടി രേഖപ്പെടുത്തും. മൊഴിയിൽ ഉറച്ചുനിന്ന് കേസെടുക്കാൻ സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ ഉടൻ കേസെടുക്കണമെന്ന് ഡി.ജി.പി നിര്‍ദേശം നല്കി.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഒാരോ വനിത ഉദ്യോസ്ഥർക്കും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സംഘം വിപുലപ്പെടുത്താനും അനുമതി നൽകി. മൊഴി, സാക്ഷി മൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ച് കോടതിയിൽനിന്ന് തിരിച്ചടി ലഭിക്കാത്തവിധം അന്വേഷണം മുന്നോട്ടു പോകണമെന്നും നിർദേശം നൽകി. ഇതിനകം 15ലധികം പരാതികളാണ് ലഭിച്ചത്. കൂടുതൽപേർ പരാതി നൽകാൻ തയാറാണെന്ന് ഫോണിൽ സമ്മതിച്ചിട്ടുണ്ട്. നടന്മാരും സംവിധായകരുമടക്കം 10 പേര്‍ക്കെതിരെയാണ് ചൊവ്വാഴ്ച മാത്രം പരാതി ലഭിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര രംഗത്തെ വനിത പ്രവർത്തകരിൽ നിന്നുയർന്ന ആരോപണങ്ങൾ രഹസ്യസ്വഭാവമുള്ളതാണെന്നും ആര്‍ക്കും പരാതിയില്ലെന്നുമായിരുന്നു തുടക്കം മുതൽ സർക്കാർ നിലപാട്. സമ്മർദം ശക്തമായതോടെ നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾശപ്പടുത്തി പ്രത്യേകസംഘം രൂപവത്കരിക്കാൻ നിർബന്ധിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.