സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസ്: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ പ്രതിയായ ലൈംഗികാതിക്രമ കേസിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. സാംസ്കാരിക ക്യാമ്പിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോഴിക്കോട് അഡീ. സെഷൻസ് കോടതി സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും യുവതിയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്‍റെ ഉത്തരവ്. തുടർന്ന് ഹരജികൾ സെപ്റ്റംബർ 15ന് പരിഗണിക്കാൻ മാറ്റി.
2020 ഫെബ്രുവരി എട്ടിന് നിള നടത്തം എന്ന ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക ക്യാമ്പിനു ശേഷം പരാതിക്കാരി വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നും തന്‍റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് പരാതി. 2022 ജൂലൈ 29ന് ഇര നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യ ഹരജി കോടതി ആഗസ്റ്റ് 12ന് അനുവദിച്ചു. മുൻകൂർ ജാമ്യ ഹരജിയോടൊപ്പം ഹരജിക്കാരൻ സമർപ്പിച്ച ഫോട്ടോകൾ പരിശോധിച്ച കോടതി ഇര പ്രകോപനപരമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.
സുപ്രീംകോടതി നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ നിരീക്ഷണവും ജാമ്യം അനുവദിക്കലുമെന്നാണ് പ്രോസിക്യൂഷൻ ഹരജിയിലെ വാദം. പീഡനക്കേസുകളിൽ ജാമ്യം അനുവദിക്കുമ്പോൾ ഇരയുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കരുതെന്ന് അപർണ ഭട്ട് കേസിൽ സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് ഹരജിയിൽ പറയുന്നു. സെഷൻസ് കോടതിയുടെ നിയമവിരുദ്ധമായ വിധി റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.