ലൈംഗികാതിക്രമം: സി.പി.എം നേതാവിന്‍റെ മുൻകൂർ ജാമ്യ ഹരജിയിലെ വിവരങ്ങൾ വ്യാജമെന്ന് പരാതിക്കാരി
text_fieldsകൊച്ചി: ലൈംഗികാതിക്രമക്കേസ് ഒത്തുതീർപ്പാക്കിയെന്ന ആലപ്പുഴയിലെ സി.പി.എം നേതാവിന്‍റെ മുൻകൂർ ജാമ്യ ഹരജിയിലെ വിവരങ്ങൾ വ്യാജമെന്ന് ആരോപിച്ച് പരാതിക്കാരി ഹൈകോടതിയിൽ. കേസ് ഒത്തുതീർപ്പാക്കി പരാതി പിൻവലിച്ചെന്ന് തന്‍റേതായി നൽകിയ സത്യവാങ്മൂലവും അതിലെ ഒപ്പും വ്യാജമാണെന്ന് വ്യക്തമാക്കിയാണ് ജനാധിപത്യ മഹിള അസോസിയേഷൻ മുൻ നേതാവുകൂടിയായ പരാതിക്കാരി എതിർ സത്യവാങ്മൂലം നൽകിയത്.
കഴിഞ്ഞവർഷം ആഗസ്റ്റ് 27ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി എസ്.എം. ഇക്ബാൽ പാർട്ടി ഓഫിസിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. മാത്രമല്ല, വിവിധ കേന്ദ്രങ്ങളിൽനിന്ന് ഭീഷണി ഉയരുകയും ചെയ്തു. ഇതിനിടെ, പ്രതി വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷവും പാർട്ടിയിൽനിന്ന് നീതി കിട്ടാതെ വന്നപ്പോൾ പൊലീസിനെ സമീപിച്ചപ്പോഴാണ് പ്രതി മുൻകൂർ ജാമ്യത്തിന് പരാതിക്കാരുടെ വ്യാജ സത്യവാങ്മൂലം ഹാജരാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഒത്തുതീർപ്പിന് സത്യവാങ്മൂലത്തിൽ ഒപ്പിടാൻ ഹരജിയിലുള്ളത് പോലെ എറണാകുളത്തെ ഒരു അഭിഭാഷകന്‍റെയും ഓഫിസിൽ പോയിട്ടില്ല. തുടരെയുള്ള ഭീഷണിമൂലം മാനസികമായി തളർന്ന് കഴിഞ്ഞ മാസം 19ന് രോഗബാധിതയായ താൻ 21, 22 തീയതികളിൽ ആലപ്പുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാജ തെളിവ് ഹാജരാക്കിയ പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.