അമ്യൂസ്മെന്‍റ് പാർക്കിൽ ലൈംഗികാതിക്രമം; ജാമ്യത്തിലിറങ്ങിയ കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിൽ
text_fieldsകാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി ജാമ്യത്തിൽ കഴിയുന്ന അധ്യാപകൻ പറശ്ശിനിക്കടവ് അമ്യൂസ്മെന്റ് പാർക്കിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് റിമാൻഡിൽ. കേന്ദ്ര സർവകലാശാലയിലെ അസി. പ്രഫസർ ഡോ. ബി. ഇഫ്തികർ അഹമ്മദിനെ (52) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് 14 ദിവസത്തേക്ക് കണ്ണൂർ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
കണ്ണൂർ വിസ്മയ പാർക്കിൽ മേയ് 13നാണ് കേസിനാസ്പദമായ സംഭവം. കുടുംബസമേതം വിസ്മയ പാർക്കിൽ വേനലവധിക്ക് എത്തിയ മലപ്പുറം സ്വദേശിനിയായ 22കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇഫ്തികർ അഹമ്മദും കുടുംബസമേതമാണ് പാർക്കിൽ എത്തിയത്. പരസ്പരം അറിയാത്ത ഇരു കുടുംബങ്ങളും പാർക്കിലെ വേവ്പൂളിൽ ഒരേ സമയത്തായിരുന്നു ആസ്വദിച്ചുകൊണ്ടിരുന്നത്. 2.30ഓടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ പരാതി എത്തി. ഇൻസ്‍പെക്ടർ എം.എൽ. ബെന്നിലാലു ഉൾപ്പെട്ട പൊലീസ് സംഘം പാർക്കിൽ എത്തിയപ്പോൾ യുവതി തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമം വിവരിച്ചു.
സംഭവസ്ഥലത്തുതന്നെ യുവതിയുടെ മൊഴിയെടുക്കുകയും ഇഫ്തികർ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. താൻ കേന്ദ്ര സർവകലാശാല അധ്യാപകനാണെന്നും കേസെടുക്കരുതെന്നും പൊലീസിനോട് കേണപേക്ഷിച്ചുവെങ്കിലും യുവതി പരാതിയിൽ ഉറച്ചുനിന്നതോടെ പൊലീസ് മറ്റൊന്നും ആലോചിക്കാതെ കോടതിയിൽ ഹാജരാക്കി. സ്ത്രീകളുടെ അന്തസ്സിന് കളങ്കമേൽപിക്കുന്ന രീതിയിൽ പെരുമാറുക, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഘ്പരിവാർ സംഘടനയിൽ അംഗമാണ് ഇഫ്തികർ. അവരുടെ ചാനലിലെ അതിഥിയുമാകാറുണ്ട്. 30ലേറെ പരാതികൾ കേന്ദ്ര സർവകലാശാലയിൽ ഇയാൾക്കെതിരെ വിദ്യാർഥികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
2023 നവംബർ 13ന് കേന്ദ്ര സർവകലാശാലയിൽ ക്ലാസിനിടെ ബോധരഹിതയായ ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയെ കൃത്രിമ ശ്വാസം നൽകുന്നുവെന്ന പേരിൽ ലൈംഗികതിക്രമം നടത്തിയതിന് ബേക്കൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത് ആറ് മാസം മുമ്പാണ്. ഈ കേസിൽ സസ്‍പെൻഷനിലായിരുന്ന ഇഫ്തികറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജാമ്യത്തിൽ ഇറങ്ങിയ ഉടൻ തിരിച്ചെടുത്തിരുന്നു. മൂന്ന് മാസത്തെ സസ്പെൻഷൻ മാത്രമാണ് സർവകലാശാല നൽകിയത്. ഹോസ്ദുർഗ് താലൂക്ക് പരിധിയിൽ പ്രവേശിക്കരുത് എന്ന ഹൈകോടതി വ്യവസ്ഥ നിലനിൽക്കെ ഇഫ്തികറിനെ അതേ താലൂക്ക് പരിധിയിലെ വാഴ്സിറ്റി കാമ്പസിലേക്ക് തിരിച്ചെടുത്തിരുന്നു. വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വീണ്ടും സസ്‍പെൻഡ് ചെയ്യപ്പെട്ട ഇഫ്തികറിനെ മെയ് മൂന്നിന് തരംതാഴ്ത്തികൊണ്ട് തിരിച്ചെടുത്തു. അതിനിടെയാണ് പുതിയ കേസ്.
കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ സംഘടനയിൽ അംഗമാണ് ഇഫ്തികർ. 30ലേറെ പരാതികൾ കേന്ദ്ര സർവകലാശാലയിൽ ഇയാൾക്ക് എതിരെ വിദ്യാർഥികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. കണ്ണൂർ കൃഷ്ണമേനോൻ കോളജിലുണ്ടായ സമാനമായ പ്രശ്നം അന്വേഷിച്ച കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ ഇദ്ദേഹത്തെ വനിത കോളജിൽ നിയമിക്കരുത് എന്ന് പരാമർശിച്ചിട്ടുണ്ട്. സമാനമായി മറ്റൊരു വാഴ്സിറ്റിയിലെ അധ്യാപകനായ ഡോ. വെള്ളിക്കീൽ രാഘവനെതിരെ കോട്ടക്കലിലെ അധ്യാപിക നൽകിയ പരാതിയിൽ വാഴ്സിറ്റി നടപടിയെടുത്തില്ല. ഇയാളും ഭരണാനുകൂല സംഘടനയുടെ ഭാഗമാണ്. ഗൈഡിന്‍റെ പീഡനത്തിൽ ഒഡിഷകാരിയായ പെൺകുട്ടി ആതമഹത്യ ചെയ്ത സംഭവത്തിലും സർവകലാശാല നടപടിയെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.