പെൺകുട്ടിയോട് ലൈംഗികാതിക്രമം; കേസിൽ ശിക്ഷിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ
text_fieldsകൽപറ്റ: ചികിത്സക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ കോടതി ശിക്ഷിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ല പ്രസിഡന്റുമായ ഡോക്ടറെ കഴിഞ്ഞയാഴ്ച കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലൈംഗികാതിക്രമ കേസിൽ 20000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചിരുന്നു.
കോടതി വിധി വന്നിട്ടും ഡോക്ടറെ സർക്കാർ സർവിസിൽ നിന്ന് മാറ്റി നിർത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടക്കുന്ന വിദ്യാർഥികളുടെ എൽ.ഡി. സ്ക്രീനിങ് ക്യാമ്പിൽ ഈ ഡോക്ടറാണ് നേതൃത്വം നൽകുന്നത്. 2020 ഒക്ടോബറിൽ നടന്ന കേസിലാണ് ശിക്ഷിച്ചത്. എന്നാൽ, വിധി വന്ന ശേഷവും ഇയാളെ സർവിസിൽ നിന്ന് മാറ്റി നിർത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വിഷാദരോഗത്തിന് ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിലാണ് കോടതി ശിക്ഷിച്ചത്.
അതേസമയം, തിരുവനന്തപുരത്തുനിന്നാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്ന് ഡി.എം.ഒ പറഞ്ഞു. കോടതി ഉത്തരവിന്റെ കോപ്പിയോ, അന്വേഷണ ഉദ്യോഗസ്ഥനോ രേഖാമൂലം അറിയിച്ചാൽ മുകളിലേക്ക് റിപ്പോർട്ട് നൽകുമെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.