ലൈംഗികാതിക്രമ പരാതി: സംവിധായകൻ വി.കെ. പ്രകാശിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
text_fieldsകൊല്ലം: ഹോട്ടലിൽ കഥപറയാൻ എത്തിയ യുവ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായ സംവിധായകൻ വി.കെ. പ്രകാശിനെ സംഭവം നടന്നതായി പരാതിയിൽ പറയുന്ന ഹോട്ടലിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ 2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പരാതിക്കാരിയും വി.കെ. പ്രകാശും താമസിച്ച രണ്ടു മുറികളിലുൾപ്പെടെ എത്തിച്ച് തെളിവെടുത്തു. വി.കെ. പ്രകാശിനെ ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു. പരാതിക്കാരിയുമൊത്ത് പൊലീസ് നേരത്തേ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരും താമസിച്ചതിന്റെ രേഖകളും അന്ന് പൊലീസ് ശേഖരിച്ചിരുന്നു.
ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനൊപ്പം വെച്ച ഉപാധിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് വി.കെ. പ്രകാശ് കേസ് അന്വേഷിക്കുന്ന കൊല്ലം പള്ളിത്തോട്ടം പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ പൊലീസ് ജാമ്യം നൽകണമെന്നുമായിരുന്നു കോടതി നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് രണ്ടുപേരുടെ ജാമ്യത്തിൽ വിടും.
യുവതിയെ അറിയാമെന്നും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നുമാണ് ആദ്യ ദിവസം വി.കെ. പ്രകാശ് പൊലീസിന് മൊഴി നൽകിയത്.
നേരത്തേ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ അനുമതിയോടെ രേഖപ്പെടുത്തിയിരുന്നു. വിശദ അന്വേഷണ റിപ്പോർട്ട് പള്ളിത്തോട്ടം പൊലീസ് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.