ലൈംഗിക വൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയാണെന്നും വിവാഹമോചനത്തിനുള്ള മതിയായ കാരണമായി അത് കണക്കാക്കാമെന്നും ഹൈകോടതി. വിവാഹമോചന ഹരജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരെ യുവതി നൽകിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
2009 ആഗസ്റ്റ് 23നായിരുന്നു ഇവരുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് ജോലിക്ക് പോയി. 2009 നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും ഭർതൃവീട്ടുകാർ തന്നെ പുറത്താക്കിയെന്ന് കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹരജിയിൽ ഇവർ പറഞ്ഞിരുന്നു. ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഉപേക്ഷിച്ചുപോയ അയാൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, വിവാഹമോചനത്തിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്നുമായിരുന്നു ഭർത്താവിന്‍റെ വാദം. ഇവർക്ക് 2013 മുതൽ ചെലവിന് നൽകുന്നുണ്ടെന്ന് വിലയിരുത്തിയ കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളി. എന്നാൽ, വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് 2017ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്ന് ഹൈകോടതി വിലയിരുത്തി. ചെലവിന് ലഭിക്കാൻ കോടതിയെ സമീപിച്ച ശേഷമാണ് തുക നൽകുന്നത്. ഹരജിക്കാരിയെ ഉപേക്ഷിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചാലും ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, പങ്കാളികളിൽ ഒരാളുടെ പ്രവൃത്തി സ്വാഭാവിക മനുഷ്യസഹജമായ പ്രവൃത്തിയല്ലെന്ന് തോന്നി മറ്റെയാൾ എതിർത്തിട്ടും നിർബന്ധപൂർവം അത് തുടരുന്നത് ക്രൂരതയാണ്-കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.