പി.കെ. ശശിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി
text_fieldsന്യൂഡൽഹി/പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് ഡി.വൈ.എഫ്.െഎ വനിത നേതാവ് വീണ്ടും പരാതിനൽകി. ഫോൺശബ്ദ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളുമായാണ് പുതിയ പരാതി. നേരത്തേ നൽകിയ പരാതിയിൽ കമീഷൻ അന്വേഷണം നടത്തിയെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്നും പാർട്ടിതല അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും വനിത നേതാവ് പരാതിയിൽ പറഞ്ഞു.
അന്വേഷണത്തിന് കമീഷനെ െവച്ചശേഷം എസ്.സി കോർപറേഷൻ എം.ഡി ഉൾപ്പെടെ പല നേതാക്കളും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയതായും പരാതിയിലുണ്ട്. ചിലർ പല വാഗ്ദാനങ്ങൾ നൽകി. പരാതിയിൽ അന്വേഷണം നടക്കുമ്പോഴും മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം ചെറുപ്പളശ്ശേരിയിലും മണ്ണാർക്കാടും നടന്ന പൊതുപരിപാടികളിൽ ശശി പങ്കെടുത്തു.
കമീഷൻ അംഗമായ എ.കെ. ബാലനോടൊപ്പം ശശി പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ഇതിെൻറ പോസ്റ്ററുകൾ ജില്ലയില്‍ പലയിടത്തും പതിക്കുകയും ചെയ്തു. എ.കെ. ബാലനോടൊപ്പം അദ്ദേഹത്തിെൻറ വസതിയിൽ രണ്ടര മണിക്കൂർ ശശി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും വാർത്തകൾ വന്നു. നവംബർ 21 മുതൽ സി.പി.എം നടത്തുന്ന നാലു ദിവസം നീളുന്ന കാൽനട ജാഥയുടെ ചുമതല പാർട്ടി ശശിയെ ഏൽപിച്ചു. പാര്‍ട്ടി നേതൃത്വത്തിെൻറ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ സംശയാസ്പദമാണ്.
തനിക്കു നീതി ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്ര നേതൃത്വത്തിൽനിന്നു ഉണ്ടാകണമെന്നും വനിത നേതാവ് ആവശ്യപ്പെട്ടു. മണ്ണാർക്കാെട്ട സി.പി.എം ഒാഫിസിൽവെച്ച് ശശി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെത്തുടർന്ന് എ.കെ. ബാലൻ, പി.കെ. ശ്രീമതി ടീച്ചർ എന്നിവരടങ്ങിയെ കമീഷനെ പാർട്ടി അന്വേഷണത്തിനായി നിയോഗിച്ചു. എന്നാൽ, കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയംഗമായ യുവതി പാർട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ചതോടെ ശശിക്കെതിരായ കുരുക്കു മുറുകി. വീണ്ടും പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വവും പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണ്. പാർട്ടി കമീഷൻ അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തത് ശശിക്ക് രക്ഷപ്പെടാനുള്ള സമയം നീട്ടിനൽകലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ശശി ഉന്നയിക്കുന്ന ഗൂഢാലോചനവാദത്തെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല.
കേന്ദ്ര നേതൃത്വം ഇടപെടുന്നതോടെ തുടർനടപടികൾക്ക് വേഗം കൂടുമെന്നാണ് പരാതിക്കാരിക്കൊപ്പം നിൽക്കുന്ന നേതാക്കളുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.