സി.പി.ഐ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു
text_fieldsകൊട്ടിയം: സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എ.ഐ.എസ്.എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 7.30നായിരുന്നു ആക്രമണം. പതിനഞ്ചോളം പേരടങ്ങുന്ന സംഘം വടികളും കല്ലുകളുമായി ഓഫിസിനുള്ളിൽ അതിക്രമിച്ചു കയറി ജനൽ ഗ്ലാസുകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. ഈ സമയം ഓഫിസിൽ അഞ്ച് പേരുണ്ടായിരുന്നു. തുടർന്ന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ കൊട്ടിയം, കണ്ണനല്ലൂർ സ്‌റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സംഘമെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
കൊട്ടിയം എം.എം എൻ.എസ്.എസ് കോളജിലെ യൂനിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പറയുന്നു. കഴിഞ്ഞ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫാണ് മികച്ച നേട്ടം ഉണ്ടാക്കിയത്. ഇതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം എ.ഐ.എസ്.എഫ് പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടാകുമായിരുന്നു. വിദ്യാർഥികൾക്ക് അംഗത്വം നൽകരുതെന്ന ഭീഷണിയും കോളജിൽ സംഘടന പ്രവർത്തനത്തിന് വിലക്കും എസ്.എഫ്.ഐ ഏർപ്പെടുത്തിയതായി എ.ഐ.എസ്.എഫ് നേതാക്കൾ ആരോപിച്ചു. ഇതേ വിഷയത്തെ ചൊല്ലി ഇന്നലെയും സംഘർഷമുണ്ടായി.
മാഗസിൻ എഡിറ്റർ ഹേമന്ദിനെ എസ്.എഫ്.ഐ പ്രവർത്തകർ മുറിക്കുള്ളിൽ അടച്ചിട്ട് മർദിച്ചു. ഇതിന്‍റെ തുടർച്ചയായാണ് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ ആക്രമണം നടത്തിയത്. രണ്ടാം തവണയാണ് ഓഫിസ് ആക്രമിക്കപ്പെടുന്നതെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. മൂന്ന് വർഷം മുമ്പ് സി.പി.എം പ്രവർത്തകർ സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തിരുന്നു.
ആക്രമണത്തിൽ സി.പി.ഐ ജില്ല കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും സംസ്ഥാന കൗൺസിൽ അംഗം ജി. ബാബുവും ഓഫിസ് സന്ദർശിച്ചു. എസ്എഫ്.ഐയുടെ അക്രമത്തെ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും മണ്ഡലം സെക്രട്ടറി സി.പി. പ്രദീപും അസി. സെക്രട്ടറി എം. സജീവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.