കേരളത്തിൽ മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ എ.കെ.ജി സെന്ററിന് സമീപമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഡിസംബർ 21ന് ഗവർണർ രാജ്ഭവനിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നായിരുന്നു വിമാനത്താവളത്തിലെത്തിയ ഗവർണറുടെ പ്രതികരണം. നേരത്തെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ദിവസങ്ങൾ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.
ഗവർണർ–സർക്കാർ പോര് തുടരുന്നതിനിടെ ഗവർണർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാറും രംഗത്തെത്തിയിരുന്നു. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവർണർ നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ വിമർശനമുണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞുവെക്കുന്നെന്ന പരാതി നാളുകളായി സർക്കാർ ഉന്നയിക്കുന്ന വിമർശനമാണ്. ഇതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.