എസ്.എഫ്.ഐ പ്രതിഷേധക്കാർക്കിടയിൽ കാറിൽ നിന്നിറങ്ങി ഗവർണർ; കാർ ആക്രമിച്ചുവെന്നും പിന്നിൽ മുഖ്യമന്ത്രിയാണെന്നും ഗവർണർ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ കരിങ്കൊടി വീശിയും കാറിലിടിച്ചും എസ്.എഫ്.ഐ പ്രതിഷേധം. ഗുരുതര സുരക്ഷാവീഴ്ചയിലേക്ക് നീണ്ട പ്രതിഷേധത്തിൽ ക്ഷുഭിതനായ ഗവർണർ സംഭവസ്ഥലത്ത് തന്നെ നടുറോഡിൽ കാർ നിർത്തി ഇറങ്ങി. ക്ഷുഭിതനായ അദ്ദേഹം ‘മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഗൂഢാലോചനയെ തുടർന്നാണ് തന്നെ കായികമായി അക്രമിക്കുന്നതെന്ന് ആരോപിച്ചു.
സർവകലാശാലകളിൽ സംഘ്പരിവാർ അനുകൂലികളെ കുത്തിനിറക്കുന്ന ഗവർണറുടെ നടപടിക്കെതിരെ ഏതാനും ദിവസമായി എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധത്തിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെ ഡൽഹിക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു എസ്.എഫ്.ഐ പ്രതിഷേധവും നാടകീയ സംഭവങ്ങളും. ആദ്യം പാളയത്തും പിന്നീട് ജനറൽ ആശുപത്രി ജങ്ഷനിലുമായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. തുടർന്ന് പേട്ട പള്ളിമുക്കിലും പ്രതിഷേധക്കാർ ചാടിവീണതോടെയാണ് കാർ നിർത്തി ഗവർണർ പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ഗവർണർ ഈ ഗുണ്ടകളാണോ തിരുവനന്തപുരത്തെ റോഡ് ഭരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർമാരോട് ക്ഷുഭിതനായി ചോദിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇതു ചെയ്യുന്നത്. എന്റെ കാറിൽ ഇടിക്കുന്നതാണോ ജനാധിപത്യം.
എങ്കിൽ അവർ മുഖ്യമന്ത്രിയുടെ കാറിൽ ഇടിക്കട്ടെ. ഇതിനെ എങ്ങനെ ജനാധിപത്യം എന്ന് വിളിക്കാനാകും. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ആരെയെങ്കിലും അനുവദിക്കുമോ? എന്നാൽ, ഗവർണറുടെ കാറിന്റെ അടുത്തേക്ക് വരാൻ അനുവദിക്കുന്നു. എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുന്നു. ഗുണ്ടകളെയും ക്രിമിനലുകളെയും അനുവദിക്കുന്ന പ്രശ്നമില്ല. എന്തു സുരക്ഷയാണ് അനുവദിക്കുന്നതെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെയും പാർട്ടിയും ചേർന്ന് ഈ ഗൂഢാലോചന നടത്തുമ്പോൾ പൊലീസുകാർ എന്തുചെയ്യുമെന്നും ഗവർണർ ചോദിച്ചു. ഇതിനു ശേഷം കാറിൽ യാത്ര തുടർന്ന ഗവർണർ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കാണുകയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.
ആക്രമിക്കാൻ മുഖ്യമന്ത്രി ആളുകളെ അയച്ചു -ഗവർണർ
തിരുവനന്തപുരം: തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ആളുകളെ അയച്ചിരിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ റോഡുകളുടെ നിയന്ത്രണം ഗുണ്ടകൾക്ക് നൽകി. ഭരണഘടനാ സംവിധാനങ്ങൾ തകരുന്നതായി തോന്നിപ്പോകുന്നു. ഈ ഗുണ്ടാരാജ് അനുവദിക്കാനാകില്ല. താൻ ചെയ്യുന്നതിൽ എതിർപ്പുണ്ടെങ്കിൽ ഒരു മുഖ്യമന്ത്രി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.