ഫ്രറ്റേണിറ്റി ജാഥക്കുനേരെ എസ്.എഫ്.ഐ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്
text_fieldsകായംകുളം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാമ്പസ് റൈഡിന് നേരെ എം.എസ്.എം കോളജിൽ എസ്.എഫ്.ഐ ആക്രമണം. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ് സഹൽ വടുതല, ജനറൽ സെക്രട്ടറി സഫറുല്ല, സംസ്ഥാന അസി. സെക്രട്ടറി ഇജാസ് ഇഖ്ബാൽ, ജില്ല സെക്രട്ടറി അമൻ പടിപ്പുരക്കൽ, ഹിജാസ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
സംസ്ഥാന ജനറൽ സെക്രട്ടറി നയിച്ച ജാഥ വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് കോളജിൽ എത്തിയത്. കേരള സർവകലാശാല കാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തിയ ജാഥയുടെ സമാപനമായിരുന്നു. എന്നാൽ, പ്രചാരണ വാഹനം അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് എസ്.എഫ്.ഐ പ്രശ്നങ്ങൾക്ക് തുടക്കമിടുകയായിരുന്നു. നേതാക്കളുടെ അവസരോചിത ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. തുടർന്ന് കോളജ് കവാടത്തിൽ സ്വീകരണം ഏറ്റുവാങ്ങി.
പെൺകുട്ടികൾക്കും സംസ്ഥാന നേതാക്കൾക്കുംനേരെ അകാരണമായി അക്രമം അഴിച്ചുവിട്ട എസ്.എഫ്.ഐ എന്ത് ജനാധിപത്യത്തെപ്പറ്റിയാണ് കാമ്പസുകളിൽ സംസാരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. തശ്‌രീഫ് ചോദിച്ചു.
ബുധനാഴ്ച അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽനിന്നാണ് ജാഥ തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ കോളജുകളിലെ പര്യടന ശേഷമാണ് എം.എസ്.എം കോളജിൽ സമാപിച്ചത്. ജാഥ ക്യാപ്റ്റൻ കെ.പി. തശ്‌രീഫ്, ജില്ല പ്രസിഡന്‍റ് സഹൽ വടുതല, പി.എച്ച്. ലത്തീഫ്, നായിഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.