ലോ കോളജിലെ എസ്.എഫ്.ഐ ആക്രമണം: ക്രൂരമായി ആക്രമിച്ചെന്ന് അധ്യാപിക
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി കോളജ് അധ്യാപിക. ലൈറ്റും ഫാനും ഓഫാക്കി 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും അസി. പ്രഫസർ വി.കെ. സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് കെ.എസ്.യു പ്രവർത്തകരെ അക്രമിച്ചതിനും കെ.എസ്.യുവിന്‍റെ കൊടിമരം നശിപ്പിച്ചതിനുമെതിരെ കോളജ് ചെയർമാൻ അശ്വിൻ അശോക്, ജനറൽ സെക്രട്ടറി ഫഹദ്, യു.യു.സി ജുനൈദ് അടക്കം 24 എസ്.എഫ്.ഐ പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്. എന്നാൽ, കെ.എസ്.യു പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച വൈകീട്ട് നാലു മുതൽ പ്രിൻസിപ്പൽ ബിജുകുമാറിനെയും ഇരുപതോളം വരുന്ന അധ്യാപകരെയും മുറിക്കുള്ളിൽ വിദ്യാർഥികൾ ഉപരോധിച്ചത്. ഇതിനിടയിലായിരുന്നു അക്രമവും.
സംഭവത്തെക്കുറിച്ച് അധ്യാപിക സഞ്ജു പറയുന്നതിങ്ങനെ: ‘കോളജ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ ചൊവ്വാഴ്ച കെ.എസ്.യുവിന്‍റെ കൊടിമരം എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. കാമറയിൽ വ്യക്തമായി പതിഞ്ഞ 24 കുട്ടികളെ സസ്പെൻഡ് ചെയ്തു. തുടർന്ന് മറുപരാതിയുമായെത്തിയ എസ്.എഫ്.ഐക്കാരോട് കെ.എസ്.യു ആക്രമിച്ചതിന്‍റെ എന്തെങ്കിലും തെളിവ് നൽകിയാൽ നടപടിയെടുക്കാമെന്ന് അറിയിച്ചു.
എന്നാൽ, ഒന്നും ഹാജരാക്കാനുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള നേതാക്കളക്കം കോളജിലെത്തി സമ്മർദം ചെലുത്തി. വൈകീട്ട് നാലോടെ അധ്യാപകരെ ബന്ദികളാക്കി. കൂട്ടത്തിൽ രോഗങ്ങളുള്ളവരും മരുന്നു മുടങ്ങാതെ കഴിക്കേണ്ടവരുമുണ്ട്. ഭക്ഷണവും വെള്ളവും പോലും കഴിക്കാനുണ്ടായിരുന്നില്ല. രാത്രി പത്തരയോടെ അവർ ഫാനും ലൈറ്റും ഓഫ് ചെയ്തു. ഇവ പ്രവർത്തിപ്പിക്കണമെന്നു പറഞ്ഞപ്പോൾ നിങ്ങൾക്ക് കാറ്റും വെളിച്ചവും വേണ്ടെന്ന് അവർ പറഞ്ഞു.
കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ഞാൻ പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. അപ്പോൾ ചിലർ കൈ പിടിച്ച് പിന്നിലേക്കു വലിച്ചു. കണ്ടുനിന്ന പൊലീസ് അടക്കം ആരും അവരെ തടഞ്ഞില്ല. കൈക്കും കഴുത്തിനും വലിയ വേദനയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടി. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്’- സഞ്ജു പറയുന്നു.
അധ്യാപകർ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച പുലർച്ച 12.30ന് സമരം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തയാറായി. അധ്യാപികയുടെ മൊഴി എടുത്ത ശേഷം വിദ്യാർഥികൾക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അധ്യാപകർ കോളജിൽ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രക്ഷിതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.