രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു
text_fieldsകൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിന് നേരെ എസ്.എഫ്.ഐയുടെ അക്രമം. ബഫർസോൺ വിഷയത്തിൽ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫിസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.
സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ വിഷയം ചർച്ചയാക്കുകയാണ്. സംഭവത്തെ എ.ഐ.സി.സി ശക്തമായി അപലപിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വയനാട്ടിലെത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. കൽപറ്റയിൽ ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് ഉപരോധിക്കുകയാണിപ്പോൾ.
എസ്.എഫ്.ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും രംഗത്തെത്തി. എസ്.എഫ്.ഐ നടത്തിയ അക്രമം അപലപനീയമാണെന്ന് സി.പി.എം വയനാട് ജില്ല പ്രസിഡന്റ് പി. ഗഗാറിൻ പറഞ്ഞു.
തുടർന്ന് പൊലീസെത്തി ലാത്തിവീശുകയും ചില എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.പിന്നീട് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് ആരോപിച്ചു. പൊലീസുകാരുടെ കൺമുന്നിലാണ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാറാണ് ഇടപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല ആസ്ഥാനമായ കലക്ടറേറ്റിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എം.പി ഓഫിസിലാണ് അക്രമികൾ കടന്നുകയറിയത്. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ഇതെന്ന ആരോപണവുമായി കോൺഗ്രസ് രംശത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തുന്നത് മൂൻകൂട്ടി ചൂണ്ടിക്കാട്ടുകയും അക്രമം നടക്കാനിടയുണ്ടെന്ന് സൂചന നൽകുകയും ചെയ്തിട്ടും പൊലീസുകാർ മുൻകരുതൽ സ്വീകരിക്കാതിരുന്നത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ഡി.സി.സി ഭാരവാഹികൾ പറഞ്ഞു.
അക്രമികൾ ഓഫിസിലേക്ക് കയറുന്നത് തടയാൻ പൊലീസ് ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മൂന്നു ജീവനക്കാർ മാത്രമുള്ള ഓഫിസിൽ കയറി നാൽപതോളം വരുന്ന എസ്.എഫ്.ഐ സംഘമാണ് അക്രമം നടത്തിയത്. ഓഫിസിലേക്ക് തള്ളിക്കയറാനും അടിച്ചു തകർക്കാനുമുള്ള കൃത്യമായ ഗൂഢാലോചനയുമായാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.