കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമം -എം.എസ്.എഫ്
text_fieldsമലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമമെന്ന് എം.എസ്.എഫ്. വ്യാജപരാതികൾ നൽകി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എഫ്.ഐ നേതാവിനെതിരെയായ മാർക്ക് വിവാദത്തിൽ സർവകലാശാല മൗനം അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. പൂജ്യം മാർക്ക് നേടിയ വിദ്യാർഥിക്ക് യൂനിവേഴ്സിറ്റി മാർക്ക് നൽകിയ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നു. പരീക്ഷ സംബന്ധമായ മുഴുവൻ നിയമങ്ങളും അട്ടിമറിച്ചാണ് കോളജിലെ വിദ്യാർഥി പ്രശ്നപരിഹാര സമിതി, സർവകലാശാലയിലെ പ്രശ്നപരിഹാര സമിതി എന്നിവയെല്ലാം യോഗം ചേർന്നുകൊണ്ടാണ് ഈ കാര്യത്തിൽ വിദ്യാർഥിക്ക് മാർക്ക് നൽകാൻ ശുപാർശ ചെയ്തതും സിൻഡിക്കേറ്റിനെ കൊണ്ട് തീരുമാനമെടുപ്പിച്ചു വിജയിപ്പിച്ചതും. ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ എസ്.എഫ്.ഐയും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്നു. എസ്. എഫ്. ഐ യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയെ തുടർന്നാണ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. നവംബറിൽ നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയെ നേരിട്ട പരാജയവും യൂനിയൻ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയവും കാരണം എം.എസ്.എഫിന്റെ നിരവധി കോളജ് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള ശ്രമങ്ങൾ എസ്.എഫ്.ഐ യും യൂനിവേഴ്സിറ്റിയും ചേർന്ന് നടത്തുന്നു. അടിസ്ഥാന രഹിതമായ പരാതികളെ മുൻ നിർത്തിയാണ് യു.യു.സിമാരെ അയോഗ്യത കൽപ്പിക്കുന്നത്. കോളജുകളിലെ എം. എസ്.എഫിന്റെ യു.യു.സി മാർക്കെതിരെയുള്ള പരാതികളും വിചിത്ര സ്വഭാവം ഉള്ളവയാണ്. കോളജുകളിലെ എം.എസ്.എഫ് യു.യു.സിമാർക്കെരെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. മാത്രമല്ല, വനിതാ കോളജുകളിലെ എം. എസ്.എഫിന്റെ യു.യു.സി മാർക്കെതിരെ ആൺകുട്ടികളുടെ പേരിലാണ് വ്യാജ പരാതികൾ പ്രത്യക്ഷപ്പെടുന്നത് എന്ന വിചിത്രവും പരിഹാസവും നിറഞ്ഞ പരാതികളിലൂടെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
പൂജ്യം മാർക്ക് നേടിയ വിദ്യാർഥിക്ക് യൂനിവേഴ്സിറ്റി മാർക്ക് നൽകിയത് കഴിഞ്ഞ ദിവസം പുറത്ത് വന്നു. സർവകലാശാലക്ക് കീഴിലുള്ള ചിറ്റൂർ ഗവ. കോളജിൽ 2016 -19 കാലയളവിൽ ബിഎസ് സി ബോട്ടണി പൂർത്തിയാക്കിയ എസ്.എഫ്.ഐ വിദ്യാർഥി നേതാവിന് മാർക്ക് ദാനം നൽകിയാണ് ഇടതു സിൻഡിക്കേറ്റ് വിജയിപ്പിച്ചത്. ഇതിനുവേണ്ടി പരീക്ഷാ സംബന്ധമായ മുഴുവൻ നിയമങ്ങളും അട്ടിമറിച്ചാണ് കോളജിലെ വിദ്യാർഥി പ്രശ്നപരിഹാര സമിതി, സർവകലാശാലയിലെ പ്രശ്നപരിഹാര സമിതി എന്നിവയെല്ലാം യോഗം ചേർന്നുകൊണ്ടാണ് ഈ കാര്യത്തിൽ വിദ്യാർഥിക്ക് മാർക്ക് നൽകാൻ ശുപാർശ ചെയ്തതും സിൻഡിക്കേറ്റിനെ കൊണ്ട് തീരുമാനമെടുപ്പിച്ചു വിജയിപ്പിച്ചതും എന്നത് കൂടിയാണ് പുറത്ത് വന്നത്.
ചിറ്റൂർ ഗവ. കോളജിലെ ഒരു സിൻഡിക്കേറ്റ് അംഗത്തെ സ്വാധീനിച്ചാണ് എസ്.എഫ്.ഐ നേതാവിന് മാർക്ക് ദാനത്തിന് സിൻഡിക്കേറ്റും വി.സിയും തീരുമാനമെടുത്തിരിക്കുന്നത്. വിദ്യാർഥി നൽകിയ അപേക്ഷയിൽ 2017- 18 കാലത്തെ കോംപ്ലിമെൻററി കെമിസ്ട്രി ലാബിൽ ഹാജരാവാൻ കഴിഞ്ഞില്ല. പിന്നീട് റെക്കോർഡ് സമർപ്പിക്കാൻ അനുവദിച്ചിരുന്നു 2018-19 കാലത്തെ പ്രാക്ടിക്കൽ പരീക്ഷ എഴുതാനും അനുവദിച്ചിരുന്നു. എന്നാൽ മാർക്ക് 0 ആയി അപ്‌ലോഡ് ചെയ്തതിനാൽ പേപ്പറിൽ വിജയിച്ചില്ല. എക്സ്റ്റേണൽ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയതിനാലും പ്രാക്ടിക്കല്ലിനൊപ്പം റെക്കോർഡ് സമർപ്പിച്ചതിനാലും ആറുമാർക്ക് നൽകാൻ കോളജ് സമ്മതിച്ചെന്ന് വിദ്യാർഥി സർവകലാശാലയെ അറിയിച്ചിരുന്നു. ആയതിനാൽ മാർക്ക് അനുവദിച്ച് ബിരുദം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന് ആയിരുന്നു വിദ്യാർഥി സർവകലാശാല വിദ്യാർഥി പ്രശ്ന പരിഹാര സമിതിക്ക് മുമ്പാകെ നൽകിയ അപേക്ഷ. സർവകലാശാല പ്രശ്നപരിഹാര സമിതി രണ്ടു തവണ യോഗം ചേർന്നാണ് പരാതി പരിശോധിച്ചു വിദ്യാർഥിക്ക് മാർക്ക് നൽകുന്നതിനു അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിയത്.
വിഷയത്തിൽ എം.എസ്.എഫ് പരീക്ഷാ ഭവൻ ഉപരോധിച്ചിരുന്നു. സർവകലാശാലയുടെ സുതാര്യതയും വിശ്വാസ്യതയും നശിപ്പിക്കുന്ന എസ്.എഫ്.ഐ, ഇടതു സിൻഡിക്കേറ്റ്, സർവ്വകലാശാല ഇടപെടലുകളെ എം.എസ്.എഫ് പ്രതിരോധിക്കും. സർവകലാശാല മൗനം അവസാനിപ്പിച്ച് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം എന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, ഷറഫുദ്ദീൻ പിലാക്കൽ, പി.എ ജവാദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.