ഗവർണർക്കെതിരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്ത് വീണ്ടും എസ്.എഫ്.ഐ പ്രതിഷേധം. രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ വൈകീട്ട് ആറേ മുക്കാലോടെയാണ് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന വിവരമുള്ളതിനാൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്ന് വിമാനത്താവളത്തിലെത്തിയ ഗവർണർ പ്രതികരിച്ചു. അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സെനറ്റ് വിഷയത്തിൽ എസ്.എഫ്.ഐ നീക്കം വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്. ആക്രമണം പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. തന്നെ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു. അങ്ങനെ ഒരാൾ മറുപടി അർഹിക്കുന്നില്ല. രാഷ്ട്രപതിക്ക് പരാതി അയയ്ക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഗവർണർക്കെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എസ്.എഫ്.ഐ ഇന്നും കരിങ്കൊടി പ്രതിഷേധത്തിനിറങ്ങിയത്. നേരത്തെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ദിവസങ്ങൾ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.
ഗവർണർ–സർക്കാർ പോര് തുടരുന്നതിനിടെ ഗവർണർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ രംഗത്തെത്തിയിരുന്നു. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവർണർ നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ വിമർശനമുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞുവയ്ക്കുന്നെന്ന പരാതി നാളുകളായി സർക്കാർ ഉന്നയിക്കുന്ന വിമർശനമാണ്. ഇതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.