കാലിക്കറ്റ് സെനറ്റിലെ സംഘ്പരിവാർ അനുകൂലികളെ എസ്.എഫ്.ഐ തടഞ്ഞു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സംഘ്പരിവാര്‍ അനുകൂലികളായ അംഗങ്ങളെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. നാമനിര്‍ദേശത്തിന് ശേഷമുള്ള ആദ്യയോഗത്തിനെത്തിയ എട്ട് അംഗങ്ങളെയാണ് സര്‍വകലാശാല സെനറ്റ് ഹാളിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ എസ്.എഫ്.ഐ പ്രതിഷേധം തീര്‍ത്തത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 10.30 വരെയായിരുന്നു പ്രത്യേക സെനറ്റ് യോഗം. എന്നാല്‍, രാവിലെ ഒമ്പതിന് മുമ്പ് തന്നെ പ്രതിഷേധ പ്രകടനമായി എത്തിയ ഇരുനൂറോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന്റെ പ്രവേശന കവാടങ്ങള്‍ ഉപരോധിക്കുകയായിരുന്നു. സെനറ്റംഗങ്ങള്‍ 9.45 ഓടെ ഹാളിൽ പ്രവേശിക്കാന്‍ എത്തിയെങ്കിലും പ്രവേശന കവാടങ്ങള്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ എട്ട് സംഘ്പരിവാര്‍ പ്രതിനിധികളെ മാത്രം തടഞ്ഞ് മറ്റുള്ളവരെ സെനറ്റ് ഹാളിലേക്ക് പോകാന്‍ അനുവദിച്ചു.
പത്മശ്രീ ബാലന് പൂതേരി, എ.വി. ഹരീഷ്, എ.കെ. അനുരാഗ്, പ്രവീണ്‍, സി. മനോജ്, അഫ്സല് ഷഹീര്‍, സി. സ്നേഹ, അശ്വിന് എന്നിവരെയാണ് എസ്.എഫ്.ഐ തടഞ്ഞത്. മറ്റൊരു അംഗം കപില വേണു കോവിഡ് രോഗബാധിതനായതിനാല്‍ യോഗത്തിന് എത്തിയിരുന്നില്ല. ഉപരോധസമരം നടത്തിയ പെൺകുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ 10.15 ഓടെയാണ് പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയത്.താനൂര്‍ ഡിവൈ.എസ്.പി പി. ബെന്നി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
എസ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ ഇ. അഫ്സല്, കെ.വി. അനുരാഗ്, മലപ്പുറം ജില്ല സെക്രട്ടറി കെ. മുഹമ്മദലി ശിഹാബ്, പ്രസിഡന്റ് കെ. ഹരിമോന്, കാമ്പസ് സെക്രട്ടറി ലിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെതിരെ സംഘ്പരിവാര്‍ പ്രതിനിധികളായ അംഗങ്ങള്‍ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെ കണ്ട് പ്രതിഷേധമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.