ലൈംഗിക സ്വാതന്ത്ര്യം ഉദ്ഘോഷിച്ച് എസ്.എഫ്.ഐ ബോർഡുകൾ; കേരള വർമയിലെ പുതിയ വിവാദമിതാണ്
text_fieldsതൃശൂർ: ശ്രീ കേരളവർമ കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ സംബന്ധിച്ച് വിവാദം. കോളജ് തുറക്കുന്നതിന്‍റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്.
ലൈംഗിക സ്വാതന്ത്ര്യമെന്ന ആവശ്യമുയർത്തിയാണ് എസ്.എഫ്.ഐ ബോർഡ് സ്ഥാപിച്ചത്. നഗ്നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിലുള്ള കാരിക്കേച്ചറിൽ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി' എന്നാണ് ഒരു ബോർഡിലുളത്. 'അവരുടെ മീനുകൾ പാരമ്പര്യത്തിന്‍റെ അക്വേറിയങ്ങൾ ഭേദിച്ച് പ്രണയത്തിന്‍റെ കടലിലേക്ക് യാത്ര ചെയ്യുന്നു', 'കണ്ണുകളിൽ അതിജീവന പോരാട്ടങ്ങളുടെ മഴവിൽത്തുണ്ട്, ഫക്ക് യുആർ നേഷനലിസം വി ആർ ആൾ എർത്ത്ലിങ്സ്' തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ള ബോർഡുകളാണ് എസ്.എഫ്.ഐ കാമ്പസിൽ സ്ഥാപിച്ചത്.
ബോർഡിൽ എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം, ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യു രംഗത്തെത്തി. ബോർഡിനെതിരെ സംഘടന പരാതി നൽകിയിട്ടുണ്ട്. സംഘപരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധവും ജനാധിപത്യ, പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡുകളെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.